നോട്ടീസിന് എംഎല്‍എമാര്‍ മറുപടി നല്‍കി
തിരുവനന്തപുരം: ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്തതിന് മുഖ്യമന്ത്രി നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് 12 എംഎല്‍എമാര്‍ മറുപടി നല്‍കി.
റാലിയില്‍ പങ്കെടുത്തെങ്കിലും കെപിസിസി, എഐസിസി നിര്‍ദേശങ്ങള്‍ തങ്ങള്‍ അനുസരിക്കാതിരുന്നിട്ടില്ലെന്ന് മറുപടിയില്‍ പറയുന്നു. അച്ചടക്കലംഘനം നടത്തുകയോ പാര്‍ട്ടി നേതൃത്വത്തെ അനുസരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. തങ്ങള്‍ റാലിയില്‍ പങ്കെടുത്തിട്ടില്ല. റാലിയോടനുബന്ധിച്ച സമ്മേളനത്തില്‍ മാത്രമാണ് പങ്കെടുത്തത്. സമ്മേളനത്തില്‍ പങ്കെടുത്തത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുദ്ദേശിച്ചാണ്.
കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടെ കെ. മുരളീധരന്‍ പങ്കെടുത്ത റാലിയിലല്ല തങ്ങള്‍ പങ്കെടുത്തതെന്നും കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലാണ് തങ്ങള്‍ പങ്കെടുത്തതെന്നും മറുപടിയില്‍ പറയുന്നു.
തങ്ങളുടെ വിശദീകരണം അംഗീകരിക്കണമെന്നും തങ്ങളുടെ നടപടി പാര്‍ട്ടിയില്‍ ഐക്യവും അച്ചടക്കവും നിലനിര്‍ത്താനുള്ള ശ്രമമായി കണക്കാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എംഎല്‍എമാര്‍ മറുപടിയെത്തിച്ചത്.
മാര്‍ച്ച് 21 കൊച്ചിയില്‍ നടന്ന ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്ത 12 എംഎല്‍എമാര്‍ക്ക് മാര്‍ച്ച് 22 ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം റാലിയില്‍ പങ്കെടുത്തതിന് എം. പി. ഗംഗാധരന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നതിനാല്‍ ഇത്തവണ നല്‍കിയില്ല. ഗംഗാധരന്‍ ഇതിനുള്ള വിശദീകരണം നേരത്തെ നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications