പാര്‍ട്ടി പിളര്‍ത്താന്‍ ആഗ്രഹമില്ല: കരുണാകരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പിളര്‍ത്താന്‍ ആഗ്രഹമില്ലെന്നും പിളര്‍പ്പുണ്ടായാല്‍ അതിനുത്തരവാദി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരിക്കുമെന്നും കെ. കരുണാകരന്‍. പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പുണ്ടാകാനുള്ള സാഹചര്യങ്ങളൊന്നും ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ ഗ്രൂപ്പിന് പാര്‍ട്ടി പിളര്‍ത്താന്‍ യാതൊരാഗ്രഹവുമില്ല. പിളര്‍പ്പുണ്ടാകുന്ന പക്ഷം അതിന്റെ പൂര്‍ണഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കായിരിക്കും. ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മാറ്റിയാല്‍ ഇപ്പോള്‍ പാര്‍ട്ടിയിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. ഇത്തരമൊരാവശ്യം വന്നാല്‍ പിന്തുണക്കാന്‍ ഐ ഗ്രൂപ്പിലെ 13 എംഎല്‍എമാര്‍ മാത്രമല്ല, വേറെയാളുകളും കാണും.
സംഘടനാ തെരഞ്ഞെടുപ്പു നടത്തണമെന്നും എല്ലാ വിഭാഗത്തിലുമുള്ള കോണ്‍ഗ്രസുകാര്‍ക്കും സമത്വം ലഭിക്കണമെന്നുമാണ് ഐ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. തെരഞ്ഞെടുപ്പു നടത്താതെ നാമനിര്‍ദേശം വഴി അംഗങ്ങളെ നിയമിക്കുന്ന രീതി അംഗീകരിക്കില്ല. സംഘടനാ തെരഞ്ഞെടുപ്പ് കൃത്യസമയത്തു നടക്കുമെന്നു പ്രതീക്ഷിക്കുന്നതായും കരുണാകരന്‍ പറഞ്ഞു.
ഗുജറാത്തില്‍ നടന്ന ദണ്ഡി അനുസ്മരണയാത്രയില്‍ പങ്കെടുക്കാനുള്ള കേരളത്തില്‍ നിന്നുള്ള സംഘത്തില്‍ ഐ ഗ്രൂപ്പില്‍ നിന്നാരെയും ഉള്‍പ്പെടുത്തിയില്ല. തന്റെ പേര് നല്‍കിയത് നടക്കാന്‍ ബുദ്ധിമുട്ടുള്ള തനിക്ക് പങ്കെടുക്കാനാവില്ലെന്നറിഞ്ഞു കൊണ്ടാണ്.
സോണിയയുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള അവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ സാധിച്ചു. സംഭവത്തിന്റെ ഒരു വശം മാത്രമണ് ബന്ധപ്പെട്ടവര്‍ അവരെ ധരിപ്പിച്ചിരുന്നത്.
മന്ത്രിസ്ഥാനം രാജിവച്ച എ. പി. അനില്‍കുമാര്‍ തന്നെ വന്നുകണ്ട് ചര്‍ച്ചകള്‍ നടത്തിയെന്നും കൊച്ചിയില്‍ നടന്ന ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കെതിരെ അച്ചടക്കനടപടിയുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications