പ്രധാനമന്ത്രി മോഡിയെ വിളിച്ചിട്ടില്ല
ദില്ലി: സുരക്ഷാകാരണങ്ങളാല്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെടാനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കേന്ദ്രആഭ്യന്തരമന്ത്രി ശിവരാജ് പാട്ടിലിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശനം റദ്ദാക്കുന്നതായി നരേന്ദ്ര മോഡിയാണ് പ്രധാനമന്ത്രിയെ വിളിച്ചറിയിച്ചതെന്ന് പ്രധാനമന്ത്രിയുടെ വക്താവ് സഞ്ജയ് ഭാരു അറിയിച്ചു. സുരക്ഷാപ്രശ്നങ്ങളാല്‍ യാത്ര ഒഴിവാക്കണമെന്ന് മോഡിയോട് ആവശ്യപ്പെട്ടത് ശിവരാജ് പാട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
സന്ദര്‍ശനവേളയില്‍ മോഡിക്ക് ഔദ്യോഗികമായി സുരക്ഷ അനുവദിക്കാനാവില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാട്ടില്‍ മോഡിയെ വിളിച്ച് യാത്ര റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ലണ്ടനില്‍ മോഡിയുടെ ജീവന് ഭീഷണിയുണ്ടാവാമെന്ന് പാട്ടില്‍ മോഡിയെ അറിയിക്കുകയായിരുന്നു- ഭാരു വ്യക്തമാക്കി.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മോഡിയെ ടെലഫോണില്‍ വിളിച്ച് ലണ്ടന്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന പുറപ്പെടുവിച്ചത്.












Click it and Unblock the Notifications