ഗള്‍ഫിലേക്കുള്ള വിമാനസര്‍വീസ് കൂടാന്‍ സാധ്യത
മുംബൈ: എയര്‍ ഇന്ത്യാ എക്സ്പ്രസ്, എയര്‍ അറേബ്യ തുടങ്ങിയ ചെലവു കുറഞ്ഞ വിമാനസര്‍വീസുകള്‍ കാരണം ഇന്ത്യക്കും ഗള്‍ഫിനുമിടയിലുള്ള വിമാനസര്‍വീസുകളുടെയും യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകാന്‍ സാധ്യത.
ഇത്തരം വിമാനങ്ങള്‍ കാരണം യാത്രക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം 30ശതമാനത്തോളം വര്‍ദ്ധനവുണ്ടാകുമെന്നു കരുതുന്നതായി എയര്‍ അറേബ്യ സിഇഒ ആദേല്‍ അലി പറഞ്ഞു. ഷാര്‍ജയില്‍ നിന്നും മുംബൈയിലേക്ക് സര്‍വീസാരംഭിച്ച എയര്‍ അറേബ്യ കേരളമുള്‍പ്പെടെയുള്ള ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്കും സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതോടെ സര്‍വീസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
ഇന്ത്യയില്‍ നിന്നും ഗള്‍ഫിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ ഭാവിയില്‍ കൂടുതല്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ വി.തുളസീദാസ് പറഞ്ഞു. തുടക്കത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കൂടുതല്‍ വിമാനങ്ങള്‍ ലഭിക്കുന്നതോടെ കൂടുതല്‍ സര്‍വീസുകളും ആരംഭിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലില്‍ സര്‍വീസാരംഭിക്കുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് ദുബായ്, അബുദാബി, മസ്ക്ക്കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് തുടക്കത്തില്‍ സര്‍വീസാരംഭിക്കുന്നത്.
എയര്‍ അറേബ്യ മുംബൈയില്‍ നിന്നും ഷാര്‍ജക്കുള്ള വിമാനടിക്കറ്റിന് 2999 രൂപയാണ് ഈടാക്കുന്നത്. എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ദില്ലിയില്‍ നിന്നും അബുദാബിക്കുള്ള ടിക്കറ്റ് നിരക്ക് 2750 രൂപയാണ്.












Click it and Unblock the Notifications