വ്യാപാരികള്‍ വാറ്റിനെതിരെ സമരം തുടങ്ങി
തിരുവനന്തപുരം: മൂല്യവര്‍ദ്ധിത നികുതി(വാറ്റ്) നടപ്പാക്കുന്നതിനെതിരെ വ്യാപാരികള്‍ മാര്‍ച്ച് 30 ബുധനാഴ്ച മുതല്‍ സമരം തുടങ്ങി. ബുധനാഴ്ച മുതല്‍ മരുന്നുഷോപ്പുകളും ഹോട്ടലുകളും മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളും ഫോണ്‍ ബൂത്തുകളും സമരത്തില്‍ പങ്കെടുക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ സമരം ജനജീവിതത്തെ കാര്യമായി ബാധിക്കും.
സമരത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് വ്യാപാരികള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും വാറ്റ് നടപ്പാക്കുന്ന പക്ഷം കേരളത്തിലെ വ്യാപാരികളും സഹകരിക്കുമെന്ന് വ്യപാരവ്യവസായ ഏകോപനസമിതി സംസ്ഥാനപ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു.
സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചില സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. വാറ്റ് വിരുദ്ധ സമരത്തില്‍ ഹോട്ടലുകള്‍ പങ്കെടുക്കില്ലെന്ന് ഹോട്ടല്‍ ആന്റ് റസ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.ബി കൃഷ്ണക്കുറുപ്പ് അറിയിച്ചു. ഹോട്ടലുകള്‍ തുറക്കില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. വാറ്റ് നടപ്പാക്കുന്നതിലും സ്റാര്‍ ഹോട്ടലുകള്‍ക്ക് നികുതി ചുമത്തുന്നതിലുമുള്ള പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരത്തില്‍ പങ്കെടുക്കില്ലെന്ന് കേരള ടെലഫോണ്‍ സര്‍ക്കിള്‍ പബ്ലിക് ഫ്രാഞ്ചസീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ടെലഫോണ്‍ ബൂത്തുകള്‍ അടച്ചിടുമെന്ന ഏകോപനസമിതി പ്രസിഡന്റ് ടി.നസറുദ്ദീന്റെ പ്രസ്താവന ഏകപക്ഷീയമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും നീതി സ്റോറുകളും നീതി മെഡിക്കല്‍ ഷോപ്പുകളും മാര്‍ച്ച് 30, 31 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും.












Click it and Unblock the Notifications