വ്യാജഫാക്സ്: വക്കത്തിന് കോടതി വിമര്‍ശനം
കൊച്ചി: വ്യാജഫാക്സ് സന്ദേശ കേസില്‍ മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന് ഹൈക്കോടതിയുടെ നിശിത വിമര്‍ശനം. കോടതിയില്‍ രേഖകള്‍ ഹാജരാക്കണമെന്ന കത്ത് കിട്ടിയാല്‍ അത് നിയമസഭയുടെ മുമ്പാകെ വച്ചാണ് തീരുമാനമെടുക്കുകയായിരുന്നു ചെയ്യേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തീരുമാനമെടുക്കേണ്ടത് സ്പീക്കറല്ലെന്നും സഭയാണെന്നും കോടതി വ്യക്തമാക്കി.
അതേ സമയം വ്യാജഫാക്സ് സന്ദേശ കേസില്‍ സ്പീക്കര്‍ കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന മജിസ്ട്രേറ്റ് പുറപ്പെടുവിച്ച സമന്‍സ് സാങ്കേതിക കാരണങ്ങളാല്‍ ഹൈക്കോടതി റദ്ദാക്കി.
എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ പേരില്‍ വ്യാജഫാക്സ് ഉണ്ടാക്കിയെന്ന കേസില്‍ സാക്ഷിയായി ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സിനെതിരെ വക്കം പുരുഷോത്തമന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഉത്തരവുണ്ടായത്.
രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നിന്ന് പ്യൂണ്‍ വഴി കൊടുത്തുവിട്ട അഭ്യര്‍ഥനാകത്ത് പോലും കൈപ്പറ്റാതിരുന്ന സ്പീക്കര്‍ ഒരു നിയമസഭാംഗത്തിന്റെ അവകാശാധികാരങ്ങള്‍ ലംഘിക്കുകയാണ് ചെയ്തതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കത്ത് കൈപ്പറ്റി അത് സഭയുടെ മുന്നില്‍ വയ്ക്കേണ്ട ബാധ്യത സ്പീക്കര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സഭയാണ്, സ്പീക്കറല്ല.
സഭാംഗങ്ങളുടെ അവകാശം നിഷേധിച്ച സ്പീക്കറാണോ നിയമാനുസൃതം പ്രവര്‍ത്തിച്ച മജിസ്ട്രേറ്റാണോ ആരാണ് നിയമലംഘനം നടത്തിയതെന്ന് കോടതി ചോദിച്ചു. കത്ത് കൈപ്പറ്റി സഭയ്ക്കു മുന്നില്‍ വച്ചിരുന്നെങ്കില്‍ വിവാദം അപ്പോള്‍ കെട്ടടങ്ങുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications