രണ്ടാം ഘട്ട നടപടിക്ക് കെപിസിസി ശുപാര്‍ശ
തിരുവനന്തപുരം: അച്ചടക്കലംഘനം നടത്തിയവര്‍ക്കെതിരായ രണ്ടാം ഘട്ട നടപടിക്ക് കെപിസിസി ഹൈക്കമാന്റിനോട് ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കെപിസിസി ഹൈക്കമാന്റിനയച്ചു.
അച്ചടക്ക നടപടി സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങളൊന്നും ഹൈക്കമാന്റിന്റെ ഭാഗത്തു നിന്നുണ്ടാവാത്തതിനെ തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ട് കെപിസിസി അയച്ചത്. മുരളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി ഇനി വൈകാതെയുണ്ടാവുമെന്നാണ് ഔദ്യോഗിക നേതൃത്വം പ്രതീക്ഷിക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന മുരളിയെ പാര്‍ട്ടിയില്‍ നിലനിര്‍ത്തരുതെന്ന അഭിപ്രായമാണ് കെപിസിസി നേതൃത്വത്തിന്. മുരളിയുടെ സമീപനത്തെ കുറിച്ച് കെപിസിസി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. അതേ സമയം ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കെതിരെ പ്രത്യേകിച്ച് നടപടിക്കൊന്നും കെപിസിസി ശുപാര്‍ശ ചെയ്തിട്ടില്ല.
അതിനിടെ ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗം ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച കരുണാകരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടക്കും. വൈകീട്ട് നാല് മണിക്കാണ് യോഗം. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതിനെ കുറിച്ച് ആലോചിക്കാനാണ് യോഗം ചേരുന്നത്.
നേതാക്കള്‍ക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പിനോട് സഹകരിക്കൂവെന്ന് കഴിഞ്ഞ ദിവസം മുരളി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുക എന്ന ആവശ്യം മുന്നോട്ടുവച്ച് സമ്മര്‍ദതന്ത്രം പയറ്റാനാണ് ഐ ഗ്രൂപ്പ് ഇനി ശ്രമിക്കുക.












Click it and Unblock the Notifications