ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം
പാറ്റ്ന: രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന ബീഹാറില്‍ രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയുമായി ചേര്‍ന്ന് ജനതാദള്‍ (യുനൈറ്റഡ്) സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം തുടങ്ങി. എന്‍ഡിഎയില്‍ നിന്നു പുറത്തുവന്ന് മറ്റ് ആര്‍ജെഡി ഇതര പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ജനതാദള്‍ (യു)വിന്റെ നീക്കമെന്നാണ് സൂചന.
രാംവിലാസ് പാസ്വാനും നിതീഷ്കുമാറും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരുവരും സമാജ്വാദി പാര്‍ട്ടി നേതാവ് ദാദന്‍ പഹല്‍വാനുമായി കൂടിക്കാഴ്ച നടത്തി.
എന്‍ഡിഎയിലെ ഘടകക്ഷിയായ ജെഡി (യു) സ്വന്തം നിലയിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം നടത്തുന്നത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുടെ സ്ഥാനം എന്തായിരിക്കുമെന്ന് പിന്നീട് മാത്രമേ പറയാന്‍ കഴിയൂവെന്ന് നിതീഷ്കുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണത്തിനായി ജെഡി (യു) പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ കോപ്പി ലോക്ജനശക്തി, സിപിഐ എംഎല്‍ (ലിബറേഷന്‍), സിപിഐ, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, എന്‍സിപി എന്നിവയ്ക്കും 17 സ്വതന്ത്രന്‍മാര്‍ക്കും അയച്ചുകൊടുത്തു. ഇവരെ ചര്‍ച്ചക്ക് ക്ഷണിച്ചുകൊണ്ട് കത്തും നല്‍കിയിട്ടുണ്ട്.
ജെഡി (യു)വിന്റെ ശ്രമം വിജയിക്കുകയാണെങ്കില്‍ സഖ്യത്തിന് 120 എംഎല്‍എമാരുടെ പിന്തുണയുണ്ടാവും. ജെഡി (യു)വിന് 55ഉം എല്‍ജെപിക്ക് 29ഉം സിപിഐ എംഎല്ലിന് ഏഴും സിപിഐക്ക് മൂന്നും സമാജ്വാദി പാര്‍ട്ടിക്ക് നാലും ബിഎസ്പിക്ക് രണ്ടും എന്‍സിപിക്ക് മൂന്നും സീറ്റുകളാണുള്ളത്. 243 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണയാണ് വേണ്ടത്.












Click it and Unblock the Notifications