ഐ ഗ്രൂപ്പ് നേതാക്കള്‍ ഓസ്കാറിനെ കാണും
തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ ഏപ്രില്‍ രണ്ട് ശനിയാഴ്ച കൊച്ചിയിലെത്തുന്ന എഐസിസി അംഗം ഓസ്കാര്‍ ഫെര്‍ണാണ്ടസിനെ ധരിപ്പിക്കാന്‍ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലുള്ള കെപിസിസി മരവിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നുമാണ് ഐ ഗ്രൂപ്പിന്റെ പ്രധാന ആവശ്യങ്ങള്‍.
കൊച്ചിയിലെത്തുന്ന ഓസ്ക്കാര്‍ ഫെര്‍ണാണ്ടസിനെ കാണാന്‍ പി. പി. ജോര്‍ജ്, ഇ. എം. അഗസ്തി, എം. എ. ചന്ദ്രശേഖരന്‍, ഡി സുഗതന്‍, കെ. ബി. മുഹമ്മദ് കുട്ടി, വി. എസ്. ശിവകുമാര്‍ എന്നിവരെ ഐ ഗ്രൂപ്പ് യോഗം ചുമലതപ്പെടുത്തി.
കെ കരുണാകരനെ പോലും വിശ്വാസത്തിലെടുക്കാത്ത കെ പി സി സിയാണ് നിലവിലുള്ളതെന്ന് യോഗത്തിനു ശേഷം കെ. മുരളീധരന്‍ പറഞ്ഞു. സത്യസന്ധമായ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാന്‍ നിലവിലുള്ള കെപിസിസിക്കാവില്ലാത്തതിനാലാണ് അത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ഉമ്മന്‍ചാണ്ടിയാണ് പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അതിന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള കൂട്ടുനില്‍ക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക എപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പല ഡിസിസികളും വോട്ടര്‍പട്ടികയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടു പോലുമില്ല. ഈയവസരത്തില്‍ എഐസിസി നിശ്ചയിച്ച ദിവസം പട്ടിക എങ്ങനെ പ്രസിദ്ധീകരിക്കുമെന്ന സംശയവും ഐ ഗ്രൂപ്പിനുണ്ട്- മുരളി പറഞ്ഞു.












Click it and Unblock the Notifications