സിപിഎം കോണ്‍ഗ്രസിന് ബുധനാഴ്ച തുടക്കം
ദില്ലി: സിപിഎം 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് ബുധനാഴ്ച ദില്ലിയില്‍ ആരംഭിക്കും. സമ്മേളത്തനുവേണ്ടി സജ്ജമാക്കിയിരിക്കുന്ന ഇ. കെ. നായനാര്‍ നഗറില്‍ ബുധനാഴ്ച രാവിലെ ഒന്‍പതരക്ക് ചെങ്കൊടി ഉയര്‍ത്തുന്നതോടെ സമ്മേളന പരിപാടികള്‍ ആരംഭിക്കും.
രക്തസാക്ഷി മണ്ഡപത്തില്‍ നേതാക്കളും പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തിയ ശേഷം 10.30ന് ഉദ്ഘാടനസമ്മേളനമാരംഭിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്താണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. ജ്യോതി ബസു അധ്യക്ഷത വഹിക്കും. വൈകീട്ട് നാലുമണിക്കാരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രാഷ്ട്രീയപ്രമേയമവതരിപ്പിക്കും. തുടര്‍ന്നായിരിക്കും സംസ്ഥാനാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുചര്‍ച്ചയാരംഭിക്കുക.
കേരളത്തില്‍ നിന്നും 170 പ്രതിനിധികളും പ്രത്യേകം ക്ഷണം ലഭിച്ച 12 നേതാക്കളും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ഷക പ്രസ്ഥാന നേതാവ് എം. പി. നാരായണന്‍ നമ്പ്യാര്‍, പുന്നപ്ര-വയലാര്‍ സമരസേനാനി കെ.വി തങ്കപ്പന്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിക്കഴിഞ്ഞു.
ഏപ്രില്‍ 11 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പുതിയ കേന്ദ്രകമ്മറ്റിയേയും പോളിറ്റ് ബ്യൂറോയേയും ജനറല്‍ സെക്രട്ടറിയേയും തെരഞ്ഞെടുക്കും.












Click it and Unblock the Notifications