ടെക്നോപാര്‍ക്കില്‍ താജ് ഹോട്ടല്‍ നിര്‍മാണം തുടങ്ങി
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ താജ് ഗ്രൂപ്പ് ടെക്നാാേപാര്‍ക്ക് ക്യാംപസില്‍ ആരംഭിക്കുന്ന പുതിയ ഹോട്ടലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹോട്ടല്‍ നിര്‍മാണം ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.
ടെക്നോപാര്‍ക്കിലുള്ള ഒരേക്കര്‍ സ്ഥലം കൂടാതെ കഴക്കൂട്ടം-കോവളം ബൈപാസ് റോഡിലുള്ള ഒരേക്കര്‍ സ്ഥലം കൂടി ഹോട്ടല്‍ നിര്‍മാണത്തിന് വിട്ടുകൊടുത്തിട്ടുണ്ട്.
താജ് ഹോട്ടലിനായി ടെക്നോപാര്‍ക്കിലെ സ്ഥലം അനുവദിച്ചത് കഴിഞ്ഞ വര്‍ഷം വിവാദമായിരുന്നു. ഐടി കമ്പനികള്‍ക്കല്ലാതെ ടെക്നോപാര്‍ക്കില്‍ സ്ഥലം നല്‍കുന്നതില്‍ പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അന്ന് വ്യാവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ പരാതികളുണ്ടെങ്കില്‍ പരിഗണിക്കാമെന്നും എല്ലാ വശങ്ങളും പരിഗണിച്ച ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ താജ് ഗ്രൂപ്പിന് സ്ഥലം നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെയാണെന്നാണ് ടെക്നോപാര്‍ക്ക് അധികൃതരുടെ വിശദീകരണം. ടെക്നോപാര്‍ക്കിലെ സ്ഥലം ഐടി കമ്പനികള്‍ക്കു മാത്രമേ നല്‍കാനാകൂയെന്ന് നിയമമില്ലെന്നും ഇക്കാര്യത്തില്‍ താജ് ഗ്രൂപ്പിന് യാതൊരു ഇളവുകളും നല്‍കിയിട്ടില്ലെന്നും ടെക്നോപാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.
ഒരു വര്‍ഷം 50 കോടിയിലേറെ വരുമാനമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പാര്‍ക്കില്‍ അരയേക്കറില്‍ കൂടുതല്‍ സ്ഥലം നല്‍കാമെന്നാണ് നിയമമെന്നും താജ് ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശമുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് ഈ നിബന്ധന പാലിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
35000 സ്ക്വയര്‍ ഫീറ്റില്‍ ആധുനികസൗകര്യങ്ങളോടു കൂടിയ 100 റൂമുകളുള്ള ഹോട്ടലാണ് താജ് ഗ്രൂപ്പ് ടെക്നോപാര്‍ക്കില്‍ നിര്‍മിക്കുന്നത്. 25 വര്‍ഷത്തേക്ക് ഒരേക്കറിന് 30 ലക്ഷം രൂപയെന്ന നിരക്കിലാണ് ടെക്നോപാര്‍ക്കിലെ സ്ഥലം ഹോട്ടലിനു പാട്ടത്തിനു നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications