സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങി
ദില്ലി: സിപിഎമ്മിന്റെ 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് ദില്ലിയില്‍ തുടങ്ങി. ഏപ്രില്‍ ആറ് ബുധനാഴ്ച രാവിലെ 10 മണിക്ക് ഇ. കെ. നായനാര്‍ നഗരിയില്‍ ബാംഗാളില്‍ നിന്നുള്ള സമര്‍ മുക്കര്‍ജി പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കമായത്.
ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത് പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. യുപിഎ സഖ്യത്തെ സിപിഎം അന്ധമായി പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യം കാരണം സുര്‍ജിത്തിന്റെ പ്രസംഗം പ്രകാശ് കാരാട്ട് സമ്മേളന വേദിയില്‍ വായിക്കുകയായിരുന്നു.
സമ്മേളനത്തിന് പതാക ഉയര്‍ത്തിയതിന് ശേഷം പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ റെഡ് വളന്റിയര്‍മാരുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു.
ഇ. കെ. നായനാര്‍ക്കും നൃപന്‍ ചക്രവര്‍ത്തിക്കും സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചു. സുനാമി ദുരന്തത്തില്‍ മരണമടഞ്ഞ ലക്ഷക്കണക്കിനാളുകളുടെ കുടുംബങ്ങളോട് അനുശോചനം പ്രകടിപ്പിച്ചു.
ഉദ്ഘാടനത്തിന് ശേഷം സിപിഐ ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്തു. ജ്യോതിബസുവിന്റെ അധ്യക്ഷതയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു. വൈകീട്ട് നാല് മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും.












Click it and Unblock the Notifications