കോള: സുപ്രീം കോടതിയെ സമീപിയ്ക്കും
പാലക്കാട്: കൊക്കകോള കേസില്‍ ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജനതാദള്‍ ഭരിക്കുന്ന പെരുമാട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എ. കൃഷ്ണന്‍ അറിയിച്ചു. അപ്പീല്‍ സമര്‍പ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ടിന് നിര്‍ദേശം നല്‍കിയതായി ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ കെ. കൃഷ്ണന്‍കുട്ടിയും പറഞ്ഞു.
അതേസമയം പ്ലാച്ചിമടയിലെ കൊക്കകോള പ്ലാന്റ് പൂട്ടുംവരെ പ്രക്ഷോഭം തുടരുമെന്ന് കൊക്കകോള വിരുദ്ധ സമരസമിതി രക്ഷാധികാരി വിളയോടി വേണുഗോപാലും പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതി സംസ്ഥാന കണ്‍വീനര്‍ ആര്‍. അജയനും അറിയിച്ചു. സമരം പൂര്‍വാധികം ശക്തിപ്പെടുത്തും. കമ്പനിയുടെ പ്രവര്‍ത്തനം അനുവദിക്കുന്ന പ്രശ്നമില്ല.
കൊക്കകോളയുടെ കുടിവെള്ള ചൂഷണത്തിനും ജലമലിനീകരണത്തിനും എതിരെ 1000 ദിവസംമുമ്പ് ആദിവാസികള്‍ ആരംഭിച്ച സമരത്തിനാസ്പദമായ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. കൊക്കകോളയുടെ നാലുവര്‍ഷത്തെ പ്രവര്‍ത്തനഫലമായി പ്ലാച്ചിമടയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് കണക്കില്ല. കൊക്കകോള പ്ലാന്റ് പൂട്ടിയാല്‍ മാത്രം പോരാ, തദ്ദേശവാസികള്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്ന് വിളയോടി വേണുഗോപാലും ആര്‍. അജയനും ആവശ്യപ്പെട്ടു.
കൊക്കകോള കമ്പനി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കിയ കോടതി വിധി നിര്‍ഭാഗ്യകരമായെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹമീദ് വാണിയമ്പലം പറഞ്ഞു.
കൊക്കകോള കേസിലെ ഹൈക്കോടതി വിധിക്കെതിരെ പിയുസിഎല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജില്ലാ സെക്രട്ടറി ഷാജി ചേലക്കോട്ടില്‍ അറിയിച്ചു. പഞ്ചായത്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കും.
കോടതിവിധിയുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അതു കിട്ടിയശേഷം പഠിച്ച് പഞ്ചായത്തുമായും പ്രദേശവാസികളുമായും ചര്‍ച്ചനടത്തി തുടര്‍നടപടികള്‍ തിരുമാനിക്കുമെന്നും കൊക്കകോള കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
കൊക്കോക്കോള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ട് ഏപ്രില്‍ ഏഴ് വ്യാഴാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വ്യക്തിക്ക് ജലസ്രോതസ്സില്‍നിന്ന് ജലമെടുക്കാമെങ്കില്‍ ഫാക്ടറിക്കും ആകാം എന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞു.












Click it and Unblock the Notifications