ആന്റണിയുടെ അനുരഞ്ജന ശ്രമം പാളി
തിരുവനന്തപുരം: അവസാന നിമിഷവും എ.കെ. ആന്റണി നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ക്ക് ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം കെ. കരുണാകരന്റെ വീട്ടിലെത്തി ആന്റണി ചര്‍ച്ച നടത്തിയത് പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിയ്ക്കാമെന്ന രൂപ രേഖയെക്കുറിച്ചായിരുന്നു.
ഏപ്രില്‍ ഒമ്പത് ശനിയാഴ്ച ആന്റണി ദില്ലിയിലെത്തിയത് ഇക്കാര്യങ്ങള്‍ സോണിയാ ഗാന്ധിയെ അറിയിയ്ക്കാനാണ്. ഏപ്രില്‍ പത്ത് ഞായറാഴ്ച ആന്റണി സോണിയയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പക്ഷേ ചര്‍ച്ച കഴിഞ്ഞ് അധികം വൈകാതെ തന്നെ മുരളിയെ ആറ് വര്‍ഷത്തേയ്ക്ക് പുറത്താക്കിക്കൊണ്ട് തീരുമാനവും പുറത്ത് വന്നു.
ചര്‍ച്ച നടത്തിയത് ആന്റണി ആയതുകൊണ്ട് തന്നെ സ്വകാര്യമായെങ്കിലും ഈ നടപടി തനിയ്ക്ക് കൂടി ഏറ്റ ഒരു ആഘാതമായി അദ്ദേഹം കരുതുന്നുണ്ടാവും. ഇതുവരേയും ആന്റണി പറയുന്ന കാര്യങ്ങള്‍ ഹൈകമാണ്ട് അംഗീകരിയ്ക്കകയായിരുന്നു പതിവ്.
ഇക്കുറി ഉമ്മന്‍ ചാണ്ടിയും സംഘവും ഹൈകമാണ്ടിനെ വരുതിക്ക് കൊണ്ടുവരുന്നതിലും മേല്‍കൈ നേടിയിരിയ്ക്കുകയാണ്. ഇതിലൂടെ ഉമ്മന്‍ ചാണ്ടി സംഘം പാര്‍ട്ടിയിലും മേല്‍കൈ നേടിയിരിയ്ക്കുകയാണ്. ഇതും ആന്റണിയ്ക്ക് ഏറ്റ അടി തന്നെയാണ്.
ഉമ്മന്‍ ചാണ്ടിയും ആന്റണിയും തമ്മില്‍ ഉണ്ടായിരുന്ന അകല്‍ച്ച ഇതോടെ കൂടും. തുടര്‍ന്ന് എന്തായിരിയ്ക്കും ഉമ്മന്‍ ചാണ്ടിയുടെ നിലപാടെന്നതും ഈ അവസരത്തില്‍ പ്രധാനമാണ്.












Click it and Unblock the Notifications