കേരളത്തില്‍ പൊളിറ്റ്ബ്യൂറോ ഇടപെടും
ന്യൂഡല്‍ഹി: സിപിഎം കേരള ഘടകത്തിലെ വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇടപെടുമെന്ന് ഉറപ്പായി. കേരളത്തിലെ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന ഔദ്യോഗികപക്ഷത്തിന്റെ വിശദീകരണം പൊളിറ്റ്ബ്യൂറോ അംഗീകരിക്കുന്നില്ല. പ്രശ്നപരിഹാരത്തിന് കേരളത്തില്‍ ഇടപെടാനുള്ള ഒരുക്കത്തിലാണ് കേന്ദ്രനേതൃത്വം.
പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ ചേരിപ്പോരുകള്‍ ഉണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള അറിയിച്ചു. കോണ്‍ഗ്രസ്സിന് ശേഷം നിലവില്‍വരുന്ന പുതിയ പൊളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയുമാണ് ഇക്കാര്യം കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം വിശദീകരിച്ചു.
മലപ്പുറം സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗം അവതരിപ്പിച്ച പാനല്‍ ജയിച്ചതോടെ വി.എസ്. ചേരി ഉന്നയിച്ചുവന്ന വിഷയങ്ങളെല്ലാം അപ്രസക്തമായി എന്ന ധാരണ ഈ വിശദീകരണത്തോടെ പൊളിയുകയാണ്. അടച്ചുവെന്ന് പിണറായി വിജയന്‍ പറഞ്ഞ അധ്യായങ്ങളെല്ലാം ഓരോന്നായി തുറന്നു പരിശോധിക്കേണ്ടിവരുമെന്നാണ് രാമചന്ദ്രന്‍ പിള്ള നല്‍കുന്ന സൂചന.
മലപ്പുറം സമ്മേളനത്തിന്‍ശേഷം ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും വി.എസ്.അച്യുതാനന്ദനെ പിണറായിപക്ഷം രൂക്ഷമായി ആക്രമിച്ചിരുന്നു. വി.എസിനെ പുറത്താക്കണമെന്നുവരെ ആവശ്യമുയര്‍ന്നു. എന്നാല്‍ അത്തരം ഒരു നടപടി കേരളത്തിലെ പാര്‍ട്ടിയെ നാശത്തിലേക്ക് നയിക്കുമെന്ന് കേരളത്തില്‍നിന്നുള്ള ഒരു വിഭാഗം വാദിച്ചു. പുതുതായി വരുന്ന പൊളിറ്റ്ബ്യൂറോക്കും കേന്ദ്ര കമ്മിറ്റിക്കും അത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്നാണ് കേരള കാര്യങ്ങള്‍ കോണ്‍ഗ്രസ്സിനുശേഷം കൈകാര്യം ചെയ്യാന്‍ മാറ്റിവെച്ചത്. കോണ്‍ഗ്രസ്സില്‍ ഈ പ്രശ്നങ്ങള്‍ വന്നപ്പോള്‍ അത് അനുകൂലമായി പ്രയോജനപ്പെടുത്താല്‍ വി.എസ്.പക്ഷത്തിന് കഴിഞ്ഞു.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സമയത്ത് കേരളത്തില്‍ രണ്ട് ജില്ലകളിലാണ് വിഭാഗീയത കണ്ടത്. ഡല്‍ഹിയിലെത്തിയപ്പോള്‍ ഇത്ഏഴായി ഉയര്‍ന്നുവെന്ന് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിലുണ്ടെന്ന് രാമചന്ദ്രന്‍ പിള്ള അറിയിച്ചു. തെറ്റു തിരുത്താനുള്ള ശ്രമങ്ങള്‍ക്ക് പുരോഗതി ഉണ്ടായിയെങ്കിലും ചില പ്രശ്നങ്ങള്‍ അവശേഷിക്കുകയാണെന്ന് അദ്ദേഹം സമ്മതിച്ചു.
രണ്ടു ഗ്രൂപ്പായി ഡല്‍ഹിയിലെത്തിയ പ്രതിനിധികള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍തന്നെയാണ് പാര്‍ട്ടി നടപടികളില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications