പ്രകാശ് കാരാട്ടിനെ സിപിഎം ജന.സെക്രട്ടറിയായി തെരഞ്ഞെടുത്തു
ദില്ലി: സിപിഎംദേശീയ ജനറല്‍ സെക്രട്ടറിയായി ദില്ലിയില്‍ നടക്കുന്ന 18-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് പ്രകാശ് കാരാട്ടിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനു പകരമായാണ് പ്രകാശ് കാരാട്ട് സ്ഥാനമേല്‍ക്കുന്നത്.പോളിറ്റ് ബ്യൂറോയുടെ ചരിത്രത്തിലെ ആദ്യവനിതാ അംഗമായി കാരാട്ടിന്റെ ഭാര്യയായ ബൃന്ദാ കാരാട്ടിനെ തെരഞ്ഞെടുത്തു.
ഉറച്ച തത്വവാദിയെന്ന മേല്‍വിലാസമുള്ള പ്രകാശ് കാരാട്ട് തന്റെ വിദ്യാഭ്യാസകാലത്തു തന്നെ രാഷ്ട്രീയത്തില്‍ ചുവടുവച്ചിരുന്നു. എഡ്വിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയ കാരാട്ട് വിദ്യാര്‍ത്ഥി നേതാവായാണ് പാര്‍ട്ടിരംഗത്തേക്കു കടന്നു വന്നത്. 1970ല്‍ സിപിഎമ്മില്‍ അംഗമായ കാരാട്ട് മാര്‍കിസ്റ് പാര്‍ട്ടിയുടെ ചിന്താസരണിയിലെ ഏറ്റവും പ്രമുഖനായ നേതാവാണ്. ഏതൊരു ഘട്ടങ്ങളിലും മാര്‍കിസ്റ് തത്വങ്ങളെ മറികടക്കാത്ത നേതാവെന്ന പേരാണ് കാരാട്ടിനെ സഹപ്രവര്‍ത്തകര്‍ക്ക് സമ്മതനാക്കുന്നത്.
1996ല്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കുന്നതിന് ഏറ്റവുമധികം എതിര്‍പ്പുപ്രകടിപ്പിച്ചത് കാരാട്ടായിരുന്നു.ഇതെത്തുടര്‍ന്ന് ജ്യോതി ബസുവിനെ പാര്‍ട്ടി പ്രധാനമന്ത്രിയാക്കിയില്ല്. കാരാട്ടിന്റെ ഈ തീരുമാനത്തെ പിന്നീട് ബസു ചരിത്രപരമായ മണ്ടത്തരം എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്നും മാത്രം പിന്തുണയ്ക്കാനുള്ള സിപിഎം തീരുമാനത്തിനു പിന്നിലും കാരാട്ടാണ്.
പ്രമുഖ നേതാക്കളായ ഇ.എം.എസ്, എ.കെ.ജി തുടങ്ങിയ നേതാക്കളുമൊത്ത് പ്രവര്‍ത്തിച്ച പാരമ്പര്യവും പ്രകാശ് കാരാട്ടിനുണ്ട്. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ അനാരോഗ്യത്തെ തുടര്‍ന്ന് കുറച്ചുനാളായി അദ്ദേഹത്തിനു വേണ്ടിയുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നതും കാരാട്ടാണ്.












Click it and Unblock the Notifications