യഥാര്‍ത്ഥ കോണ്‍ഗ്രസ് ഒരു മാസത്തിനകം: കരുണാകരന്‍
തിരുവനന്തപുരം: ഒരു മാസത്തിനുള്ളില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ് നിലവില്‍ വരുമെന്ന് കെ.കരുണാകരന്‍ പറഞ്ഞു. ഐ ഗ്രൂപ്പിന്റെ ഭാവിപരിപാടികള്‍ ഏപ്രില്‍ അവസാനത്തോടെ നടത്തുന്ന ഒരു കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം ഉചിതമായ തീരുമാനം താന്‍ കൈക്കൊള്ളുമെന്നും അത് എല്ലാ ഗ്രൂപ്പ് പ്രവര്‍ത്തകരും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ എവിടെയോ അവിടെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ്. സോണിയാഗാന്ധി ഇങ്ങനെയൊരു തീരുമാനമെടുത്തതില്‍ ദുഖമുണ്ട്. എങ്കിലും സോണിയയോടു വിരോധമില്ല. ആളുകളെ ഭീഷണിപ്പെടുത്തി നടപടി അടിച്ചേല്‍പ്പിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. ഇപ്പോള്‍ കേരളത്തിലുള്ള കോണ്‍ഗ്രസ് ഉമ്മന്‍ കോണ്‍ഗ്രസാണ്.
തന്റെ മകള്‍ പത്മജ വേണുഗോപാല്‍ പുതിയ പാര്‍ട്ടി രൂപീകരണത്തിന് എതിരാണെന്ന വാര്‍ത്തകള്‍ കരുണാകരന്‍ നിഷേധിച്ചു. തന്റെ കുടുംബത്തില്‍ പിളര്‍പ്പുണ്ടാക്കാമെന്ന് ആരും കരുതേണ്ട. പുതിയ പാര്‍ട്ടിയുടെ രൂപീകരണം സംബന്ധിച്ച അന്തിമതീരുമാനം താനാണ് പ്രഖ്യാപിക്കുക. അത് ദേശീയമാതൃകയില്‍ കേരളത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും. അത് എല്ലാ ഗ്രൂപ്പ് പ്രവര്‍ത്തകരും അനുസരിക്കുകയും ചെയ്യും.
സംസ്ഥാനകോണ്‍ഗ്രസിനെ ശക്തപ്പെടുത്താനും നേര്‍വഴിക്കു നയിക്കാനും തനിക്കാവുമോയെന്നു നോക്കട്ടേയെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications