Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി: നിയമസഭാസമിതി അന്വേഷിക്കണമെന്ന് വി.എസ്

തിരുവനന്തപുരം: എസ്.എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ സംബന്ധിച്ചുള്ള അന്വേഷണം ശരിയായ രീതിയലല്ല നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. ഈ സംഭവത്തെപ്പറ്റി നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് അഞ്ചു ലക്ഷം കുട്ടികളുടെ ഭാവിയാണ് തകര്‍ന്നത്. എസ്എസ്എല്‍സി പരീക്ഷയുടെ വിശ്വാസ്യതക്കു തന്നെ കളങ്കമേറ്റു. ഇതൊന്നും പൊറുക്കാനാവുന്നതല്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും വി.എസ്. പറഞ്ഞു.

ആന്റണി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പിയും ഇപ്പോഴത്തെ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറും വന്‍ കോഴ വാങ്ങിയാണ് ചോദ്യ പേപ്പര്‍ അച്ചടിക്കുള്ള അനുമതി രാജന്‍ ചാക്കേയ്ക്ക് നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് ഇത് നടന്നതെന്നും ചോദ്യചോര്‍ച്ചയെ പറ്റി നിയമസഭാസമിതി അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വളരെ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വിശ്വനാഥന്‍ പ്രസില്‍ ദീര്‍ഘകാലം മാനേജരായിരുന്ന രാജന്‍ ചാക്കോ ആ പ്രസിന്‍െ പേരില്‍ തന്നെ കൃത്രിമമായി രേഖയുണ്ടാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും പരിവാരങ്ങളുടെയും സ്വാധീനമുപയോഗിച്ച് കരാറുറപ്പിച്ചു. അതിനു ശേഷം ചോദ്യപേപ്പര്‍ അടിച്ച് കൊടുക്കേണ്ടവര്‍ക്കെല്ലാം കൊടുത്ത് എല്ലാവരുടെയും സ്േഹനവാത്സല്യം പിടിച്ചു പറ്റി.

2001 മുതല്‍ രാജന്‍ ചാക്കോ കരാറിന്റെ അടിസ്ഥാനത്തില്‍ ചോദ്യപേപ്പര്‍ അച്ചടിക്കുന്നു. മുഹമ്മദ് ബഷീര്‍ ക്വട്ടേഷന്‍ പോലും വിളിക്കാതെയാണ് രാജന്‍ ചാക്കോയ്ക്ക് അനുമതി നല്‍കിയത്. വിശ്വനാഥന്‍ പ്രസിന്റെ മാനേജര്‍ സുബ്രഹ്മണ്യനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം കോഴ നല്‍കാന്‍ തയാറാകാത്തതിനാലാണിത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് അന്വേഷണത്തില്‍ പ്രസിനെക്കുറിച്ചും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ചോദ്യപേപ്പര്‍ ചോര്‍ച്ചയെ സംബന്ധിച്ച് അനേഷിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പ്രസിന്റെ കാര്യമല്ല. അത് വേണ്ടിവരുമ്പോള്‍ പിന്നീട് ആകാം. ഇപ്പോള്‍ അതിനൊന്നും പ്രസക്തിയില്ലയെന്നാണ്.

പ്രസിന്റെ കാര്യം അന്വേഷണ വിധേയമാക്കിയാല്‍ അദ്ദേഹത്തിന് വിഷമമുണ്ടാക്കുന്ന പല സ്നേഹിതരും അടുപ്പക്കാരും കുടുങ്ങും. ഇത് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും. മുഖ്യമന്ത്രിക്ക് ഇങ്ങനെ ചില വിഷമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

കോവളം കൊട്ടാരത്തിന്റെ കാര്യത്തില്‍ എംഫാര്‍ മുഹമ്മദിന്റെ കൈയേറ്റത്തിന് ശേഷം വേറെ ചില കയേറ്റങ്ങളും അവിടെ നടന്നു. അത് വാര്‍ത്താമാധ്യമങ്ങളില്‍ വന്നപ്പോള്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കും എന്നു പറഞ്ഞ മുഖ്യന്റെ ശബ്ദം പിന്നീട് വളരെ താഴ്ന്നു പോയി. അതുപോലെ തന്നെ കിളിരൂര്‍ പെണ്‍വാണിഭത്തെക്കുറിച്ചുള്ള പ്രസ്താവനകളിലും. ഇതിലെല്ലാം മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട കുടുംബക്കാരുണ്ട്.

അന്വേഷണത്തെ സംബന്ധിച്ചുള്ള ഒരു ഘട്ടം കഴിയുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ ചുവടുമാറ്റുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. കേസില്‍ കുറച്ച് ബലിയാടുകളെ ക്രൈംബ്രാഞ്ചിനെക്കൊണ്ട് പിടിപ്പിച്ചതല്ലാതെ പ്രമുഖരുള്‍പ്പെടെയുള്ള മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.

വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീറും ഈ നയമാണ് തുടരുന്നത്. ഭാവിയില്‍ ഇതൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞ് എല്ലാവരെയും സോപ്പിടുന്നു. ഇവര്‍ എല്ലാവരും ശരിയായ കുറ്റവാളികളാണ്. വന്‍ കോഴ പറ്റിക്കൊണ്ടാണ് ഇവര്‍ ഈ മറിമായം നടത്തുന്നത് .

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണം മന്ത്രിമാരുടെ താഴെയുള്ള ഉദ്യോഗസ്ഥരുടെ അന്വേഷണമാണ്. ഇത് മുന്നോട്ടു പോകുന്നതേയില്ല. അന്വേഷണം മുന്നോട്ടു പോകാന്‍ അനുവദിക്കാതെ ആഭ്യന്തര വകുപ്പിന്റെ തലവന്‍ വടിയും കൊണ്ട് അവിടെ നില്‍പ്പുമുണ്ട് - വി.എസ്. കുറ്റപ്പെടുത്തി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എസ്എസ്എല്‍സി പരീക്ഷാനടത്തിപ്പില്‍ പ്രശ്നങ്ങളുണ്ടെന്ന് അവര്‍ തന്നെ ചുമതലപ്പെടുത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിന്നും പുറത്തു വന്നു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്മാര്‍ക്ക് പരിമിതികളുണ്ട്. അതിനാല്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ അടങ്ങിയ നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+