പെട്രോള്‍ പമ്പുകള്‍ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഏപ്രില്‍ 17 ഞായറാഴ്ച അര്‍ധപരാത്രി മുതല്‍ അടച്ചിടും. ഞായറാഴ്ച രാത്രി 12 മണി മുതല്‍ തിങ്കളാഴ്ച രാത്രി 12 മണിവരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്.
സംസ്ഥാനത്തെ 900ഓളം പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടഞ്ഞുകിടക്കും. പെട്രോള്‍ പമ്പുകളുടെ കമ്മിഷന്‍ അഞ്ച് ശതമാനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കേരളത്തിലും സമരം നടക്കുന്നത്.
ഇന്ധനവില പലതവണ കൂട്ടിയിട്ടും കമ്മിഷന്‍ കൂട്ടാന്‍ പെട്രോളിയം കമ്പനികള്‍ തയ്യാറായില്ലെന്ന് പെട്രോളിയം പമ്പുടമകളുടെ ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സൂചനാ പണിമുടക്ക് മാത്രമാണെന്നും തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടുന്നതിനാല്‍ ഞായറാഴ്ച കനത്ത തിരക്കാണ് പെട്രോള്‍ പമ്പുകളില്‍ അനുഭവപ്പെടുന്നത്.












Click it and Unblock the Notifications