പ്രതിപക്ഷബഹളം: ലോക്സഭയും രാജ്യസഭയും നിര്‍ത്തിവച്ചു
ദില്ലി: കാര്‍ഗില്‍ യുദ്ധസമയത്തു നടന്ന ആയുധ ഇടപാടുകേസില്‍ സര്‍ക്കാര്‍ രണ്ടാമതും സത്യവാങ്മൂലം സമര്‍പ്പിച്ചതിനെച്ചൊല്ലിയുണ്ടായ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഏപ്രില്‍ 19 ചൊവ്വാഴ്ച നിര്‍ത്തിവച്ചു.
സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ടു സത്യവാങ്മൂലത്തിലും വ്യത്യസ്ത പ്രസ്താവനകളില്ലെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞിട്ടും ബിജെപി അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ലോക്സഭ 11.30 വരെ നിര്‍ത്തിവച്ചു. 11.30ന് വീണ്ടും സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷബഹളം തുടര്‍ന്നപ്പോള്‍ ലോക്സഭാ നടപടികള്‍ ഇന്നത്തേക്കു നിര്‍ത്തിവക്കുകയാണെന്ന് സോമനാഥ് ചാറ്റര്‍ജി അറിയിച്ചു.
രാജ്യസഭയില്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയാണ് പ്രശ്നമുന്നയിച്ചത്. ചോദ്യോത്തരവേള വൈകിക്കാന്‍ പറ്റില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് പ്രശ്നം ചുരുക്കി അവതരിപ്പിക്കാന്‍ സ്പീക്കര്‍ ഭൈരോണ്‍സിംഗ് ഷെഖാവത്ത് സിന്‍ഹയോടാവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു. പിന്നീട് ഒരു മണിക്കൂറിന് ശേഷം ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ഇന്നത്തേക്ക് രാജ്യസഭയും നിര്‍ത്തിവച്ചു.












Click it and Unblock the Notifications