ഫെര്‍ണാണ്ടസിനെതിരെ നടപടിയുണ്ടായേക്കും
ദില്ലി: കാര്‍ഗില്‍ യുദ്ധക്കാലത്ത് നടത്തിയ ആയുധഇടപാടുകളില്‍ ചട്ടങ്ങള്‍ ലംഘിച്ച് വ്യക്തിപരമായ താത്പര്യങ്ങളെടുത്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി പറഞ്ഞു.
ആയുധ ഇടപാട് സംബന്ധിച്ച് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലങ്ങള്‍ തമ്മില്‍ ഒരു പൊരുത്തക്കേടുമില്ലെന്ന്് അദ്ദേഹം വ്യക്തമാക്കി. ലോക്സഭയുടെ മേശപ്പുറത്തുവച്ച പ്രസ്താവനയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചിലര്‍ക്ക് ക്ലീന്‍ ചിട്ട് നല്‍കിയെന്ന ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ആദ്യത്തെ സത്യവാങ്മൂലത്തില്‍ ആര്‍ക്കും ക്ലീന്‍ ചിട്ട് നല്‍കാന്‍ ശ്രമിച്ചിട്ടില്ലെന്ന് രണ്ട് സത്യവാങ്മൂലങ്ങളും വായിക്കുന്നവര്‍ക്ക് വ്യക്തമാകും. രണ്ട് സത്യവാങ്മൂലങ്ങളും തമ്മില്‍ ഒരു പൊരുത്തക്കേടുമില്ല.
ആദ്യത്തെ സത്യവാങ്മൂലം ആയുധങ്ങള്‍ വാങ്ങിയതിലെ നടപടിക്രമത്തെ കുറിച്ചും രണ്ടാമത്തെ സത്യവാങ്മൂലം സര്‍ക്കാര്‍ ഭാവിയില്‍ സ്വീകരിക്കാന്‍ ആലോചിക്കുന്ന നടപടികളെ കുറിച്ചുമാണ്. ആയുധഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ. ജി. ധനഞ്ജയ ചൗഹാന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ രണ്ട് സത്യവാങ്മൂലങ്ങളും ഫയല്‍ ചെയ്തത്- മുക്കര്‍ജി വ്യക്തമാക്കി.












Click it and Unblock the Notifications