കോള: പെരുമാട്ടി പഞ്ചായത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി
ദില്ലി: പ്ലാച്ചിമടയിലെ കൊക്കക്കള കമ്പനിക്കു ലൈസന്‍സ് പുതുക്കി നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി വിധിക്കെതിരെ പെരുമാട്ടി ഗ്രാമപഞ്ചായത്ത് സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്തു.
ഹൈക്കോടതി ഉത്തരവ് പഞ്ചായത്തീരാജ് നിയമമനുശാസിക്കുന്ന അധികാരങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കാനുള്ള അവകാശമാണ് ഉത്തരവിലൂടെ ലംഘിക്കപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
ഫാക്ടറിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഗ്രാമപഞ്ചായത്തിന് അധികാരമില്ലെന്ന കോടതി നിലപാടു തെറ്റാണെന്നും ഹര്‍ജിയിലുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കാതെയുള്ള ഹൈക്കോടതി ഉത്തരവ് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഗണിച്ചില്ല.
മഴ ലഭിക്കാതെ ഇപ്പോള്‍ത്തന്നെ പഞ്ചായത്തില്‍ ശുദ്ധജലക്ഷാമമുണ്ട്. ഫാക്ടറിക്കു ലൈസന്‍സ് നല്‍കിയാല്‍ കൂടുതല്‍ ജലദൗര്‍ലഭ്യമുണ്ടാവും.
വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവെന്നും എന്നാല്‍ ഈ റിപ്പോര്‍ട്ട് പഞ്ചായത്തിനു നല്‍കിയിട്ടില്ലെന്നും അഡ്വ. എ. രഘുനാഥ് മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications