ആന്റണി തമ്പി പോപ്പിന്റെ സമ്മാനങ്ങള്‍ സൂക്ഷിക്കുന്നു; നിധിപോലെ
കൊച്ചി: പുതിയ പോപ്പ് ജോസഫ് റാറ്റ്സിംഗര്‍ സമ്മാനിച്ച കത്തും പുസ്തകവും തന്റെ വിലപ്പെട്ട സമ്പാദ്യമായി സൂക്ഷിക്കുന്നു ഫാദര്‍ ആന്റണി തമ്പി. സ്വന്തമായി രചിച്ച സാള്‍ട്ട് ഓഫ് എര്‍ത്ത് എന്ന പുസ്തകവും സ്വന്തം കൈപ്പടയിലെഴുതിയ കത്തും ആസ്ട്രിയയില്‍ വച്ച് 98ല്‍ അച്ചനാവാനുള്ള ചടങ്ങില്‍ വച്ചാണ് ആന്റണിക്ക് റാറ്റ്സിംഗര്‍ സമ്മാനിച്ചത്. നല്ലൊരു ക്രൈസ്തവനാകൂയെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇവ രണ്ടും ഒരു നിധിപോലെ സൂക്ഷിക്കുകയാണ് ഇപ്പോള്‍ കൊച്ചി രൂപതാ വൈസ്ചാന്‍സലറും രൂപതയുടെ കീഴിലുള്ള മനുഷ്യവിഭവ വികസനസെന്റര്‍ ഡയറക്ടറുമായ ഫാദര്‍ ആന്റണി തമ്പി.
ആസ്ട്രിയയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച ആന്റണി തമ്പി ഒഴിവുകാലങ്ങളില്‍ ജര്‍മനിയും റോമും സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത്തരം സന്ദര്‍ശനവേളകളിലൊന്നില്‍ 1995ല്‍ ഒരു അത്താഴവിരുന്നില്‍ വച്ചാണ് റാറ്റ്സിംഗറുമായി ഫാദര്‍ പരിചയപ്പെട്ടത്. ഇതേത്തുടര്‍ന്ന് ആന്റണിയെ പലവട്ടം കണ്ടുമുട്ടാറുള്ള റാറ്റ്സിംഗര്‍ ക്രൈസ്തവസഭകളെക്കുറിച്ചും കേരളത്തിലെ പള്ളികളെക്കുറിച്ചും ചര്‍ച്ച ചെയ്യുമായിരുന്നെന്ന് ആന്റണി തമ്പി ഓര്‍ക്കുന്നു. ഇത്തരമൊരു വേളയിലാണ് റാറ്റ്സിംഗര്‍ ഇത്രയധികം യാഥാസ്ഥിതികനാകാനുള്ള കാരണമെന്തെന്ന് ആന്‍ണി ചോദിച്ചത്. പള്ളികള്‍ക്കു വേണ്ടിയാണ് താനിത്രയും യാഥാസ്ഥിതികനാകുന്നത് എന്നായിരുന്നു മറുപടി.
കഴിഞ്ഞ നവംബറില്‍ വത്തിക്കാനില്‍ വച്ചാണ് ഇരുവരും അവസാനമായി കണ്ടത്.
വളരെ മാന്യനും ലാളിത്യവുമുള്ള വ്യക്തിയാണ് റാറ്റ്സിംഗറെന്നാണ് ഫാദര്‍ ആന്റണി തമ്പിയുടെ അഭിപ്രായം. തന്റെ ആദര്‍ശങ്ങളും മുറുകെ പിടിക്കുന്ന വ്യക്തിയാണ് പുതിയപോപ്പ്. തന്റെ ചുറ്റുമുള്ളവര്‍ എങ്ങിനെയൊക്കെ വിമര്‍ശിച്ചാലും ആദര്‍ശങ്ങളും വിശ്വാസങ്ങളും ഉപേക്ഷിക്കാന്‍ റാറ്റ്സിംഗര്‍ തയ്യാറാവില്ലെന്നും ഫാദര്‍ ആന്റണി പറഞ്ഞു.












Click it and Unblock the Notifications