ചോദ്യചോര്‍ച്ച: പ്രതിഫലം ഗീതയുടെ അക്കൗണ്ടില്‍
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ അച്ചടിക്കുള്ള പ്രതിഫലം വിശ്വനാഖന്‍ പ്രിന്റേഴ്സ് ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോയുടെ ഭാര്യ ഗീതയുടെ അക്കൗണ്ടുകളിലാണ് എത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി.
ചെന്നൈയില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ച വിശ്വനാഥന്‍ പ്രസ്സിലും ചില ബാങ്കുകളിലും അന്വേഷണം നടത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. രാജന്‍ ചാക്കോയുടേയും ഭാര്യ ഗീതയുടേയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും വിശ്വനാഥന്‍ പ്രസ്സിലെ രേഖകളും ക്രൈം ബ്രാഞ്ച് സംഘം പരിശോധിച്ചു. പ്രസ്സ് ഉടമ സുബ്രഹ്മണ്യന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിക്കും.
സുബ്രഹ്മണ്യനെ ഇതുവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടില്ല. ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും ഇയാളെ ചോദ്യം ചെയ്യുന്നത്. തന്റെ അക്കൗണ്ടില്‍ നിന്ന് ഗീത വലിയ തുക പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സുബ്രഹ്മണ്യത്തിന് നല്‍കിയതാവാനാണ് സാധ്യതയെന്നാണ് ക്രൈംബ്രാഞ്ച് സംഘം കരുതുന്നത്.
അതിനിടെ ചെന്നൈയില്‍ അറസ്റിലായ പ്രസ് ജീവനക്കാരന്‍ കെ. സുരേഷിനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മെയ് അഞ്ചു വരെ റിമാന്റ് ചെയ്തു. ഏപ്രില്‍ 23 ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പോള്‍ സൈമന്റെ വീട്ടിലാണ് സുരേഷിനെ ഹാജരാക്കിയത്.
വെള്ളിയാഴ്ചയാണ് ക്രൈംബ്രാഞ്ച് സംഘം സുരേഷിനെ അറസ്റു ചെയ്തത്. വിശ്വനാഥന്‍ പ്രിന്റേഴ്സില്‍ പാക്കിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സുരേഷാണ് രണ്ടാം പ്രതി സിന്ധുവിന് ചോദ്യക്കടലാസ് കൈമാറിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അതിനിടെ കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ജാമ്യാപേക്ഷ പിന്‍വലിച്ചു.












Click it and Unblock the Notifications