ലാലുപ്രശ്നം: ലോക്സഭയും രാജ്യസഭയും നിര്‍ത്തിവച്ചു
ദില്ലി: കാലിത്തീറ്റ കേസില്‍ റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവിനെതിരെ കോടതി കുറ്റം ചുമത്തിയതിനെ ചൊല്ലി എന്‍ഡിഎയും നരേന്ദ്രമോഡിയുടെ രാജിയാവശ്യപ്പെട്ട് ആര്‍ജെഡി അംഗങ്ങളും ബഹളം വച്ചതിനെ തുടര്‍ന്ന് രാജ്യസഭാ, ലോക്സഭാ നടപടികള്‍ തടസപ്പെട്ടു.
രാജ്യസഭ സമ്മേളിച്ചപ്പോള്‍ ഈ പ്രശ്നമുന്നയിച്ച് എന്‍ഡിഎ അംഗങ്ങള്‍ ചോദ്യോത്തര വേള തടസപ്പെടുത്തി. ഗോന്ധ്രയില്‍ തീവണ്ടിയപകടം നടന്നതിനെ തുടര്‍ന്ന് അവിടം സന്ദര്‍ശിച്ച ലാലുവിനു സംരക്ഷണം കൊടുക്കാത്തതില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ രാജിയാവശ്യപ്പെട്ട ആര്‍ജെഡി അംഗങ്ങളെ എന്‍ഡിഎക്കാര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 45 മിനിറ്റ് നേരത്തേക്കു സഭ നിര്‍ത്തിവക്കുകയും പിന്നീട് വീണ്ടും ചേര്‍ന്നപ്പോള്‍ രണ്ടുമണി വരെ നടപടികള്‍ നീട്ടിവയ്ക്കുകയുമായിരുന്നു.
ലോക്സഭയിലും ഇതേ പ്രശ്നങ്ങളുന്നയിച്ച് എന്‍ഡിഎ, ആര്‍ജെഡി അംഗങ്ങള്‍ ബഹളം വച്ചു. ശാന്തരായിരിക്കാന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആവശ്യപ്പെട്ടിട്ടും അംഗങ്ങള്‍ തയ്യാറായില്ല. സഭയിലെ നനടുത്തളത്തിലിറങ്ങാന്‍ ശ്രമിച്ച അംഗങ്ങളോട് ഇറങ്ങരുതെന്നും ഇറങ്ങിയാല്‍ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നും സ്പീക്കര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നും സഭാനടപടികള്‍ ആരംഭിക്കാനാവാത്തതിനാല്‍ സഭ നിര്‍ത്തിവച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications