സ്വാമി രംഗനാഥാനന്ദ സമാധിയായി
കൊല്‍ക്കത്ത: പ്രശസ്ത പണ്ഡിതനും ശ്രീരാമകൃഷ്ണ മഠം പ്രസിഡന്റുമായി സ്വാമി രംഗനാഥാനന്ദ(97) സമാധിയായി. ഏപ്രില്‍ 25 തിങ്കളാഴ്ച വുഡ്ലാന്റ്സ് നഴ്സിംഗ് ഹോമില്‍ ഉച്ചതിരിഞ്ഞ് 3.51ന് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അദ്ദേഹം സമാധിയായത്.
കുറച്ചു നാളായി സുഖമില്ലാതെ കഴിയുകയായിരുന്ന സ്വാമിയെ ഒരാഴ്ച മുന്‍പാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 26 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 12.30ന് രാമകൃഷ്ണമഠത്തിന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തിലായിരിക്കും ശവസംസ്കാരം. പൊതുദര്‍ശനത്തിനായി മൃതദേഹം ബേലൂര്‍ മഠത്തില്‍ വച്ചിരിക്കുകയാണ്.
പാലക്കാട് ജില്ലയിലെ തൃക്കൂരില്‍ ജനിച്ച രംഗനാഥാനന്ദ 1926ലാണ് ശ്രീരാമകൃഷ്ണ മഠത്തില്‍ ചേര്‍ന്നത്. 1933ല്‍ സന്യാസം സ്വീകരിച്ച അദ്ദേഹം ആഗോളരാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും വൈസ് പ്രസിഡന്റും പിന്നീട് പ്രസിഡന്റുമായി.
1986ല്‍ ദേശീയോദ്ഗ്രഥനത്തിനുള്ള പ്രഥമ ഇന്ദിരാഗാന്ധി അവാര്‍ഡിന് തെരഞ്ഞെടുത്തത് സ്വാമി രംഗനാഥാനന്ദയെയാണ്. പത്മഭൂഷന്‍ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു.
വേദാന്തവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം ആധ്യാത്മിക പ്രഭാഷണങ്ങള്‍ക്കായി നിരവധി രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications