റവന്യു ഓഫീസുകള്‍ ആധുനീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റവന്യു ഓഫീസുകളും ആധുനീകരിക്കുമെന്ന് റവന്യുമന്ത്രി കെ. എം. മാണി പറഞ്ഞു.
14 കളക്ടറേറ്റുകളും 64 താലൂക്ക് ഓഫീസുകളും 517 വില്ലേജ് ഓഫീസുകളുമാണ് ആധുനീകരിക്കുന്നത്. ഇതിനായി 77 ലക്ഷം രൂപ ചെലവഴിക്കും. ഏപ്രില്‍ 26 ചൊവ്വാഴ്ച നടന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
റവന്യു ഓഫീസുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മാണി പറഞ്ഞു. മുഴുവന്‍ ഫയലുകളും ഈ വര്‍ഷം തന്നെ കമ്പ്യൂട്ടറിലാക്കും. റവന്യു ഓഫീസുകള്‍ മാതൃകാ ഓഫീസുകളാക്കും. കെട്ടിടങ്ങള്‍ ഇല്ലാത്തതോ ജീര്‍ണിച്ചതോ ആയ ഓഫീസുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കും.
വരള്‍ച്ചാ ദുരിതാശ്വാസത്തിനായി 20 ലക്ഷം രൂപ വരെ അനുവദിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സുനാമി ബാധിതര്‍ക്ക് സ്ഥിരം വീടുകള്‍ ആറുമാസത്തിനകം നല്‍കും.
സംസ്ഥാനത്തെ നദിസംരക്ഷണത്തിനായി 20 കോടി രൂപ നല്‍കിയിട്ടുണ്ട്. 20 കോടി രൂപ കൂടി ഉടന്‍ നല്‍കും. തീരസംരക്ഷണം, കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍, കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കല്‍, തീരദേശത്തു താമസിക്കുന്നവരുടെ പുനരധിവാസം എന്നീ കാര്യങ്ങള്‍ക്കാണ് ഈ തുക ചെലവഴിക്കുക.












Click it and Unblock the Notifications