ആരോഗ്യവകുപ്പില്‍ അഴിമതി നടന്നതിന് തെളിവുണ്ടെന്ന് വി. എസ്
തിരുവനന്തപുരം-: സംസ്ഥാന ആരോഗ്യ വകുപ്പില്‍ അസിസ്റന്റ് സര്ജന്മാരെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്നതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള തുറന്ന കത്തിലാണ് വി. എസ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അസിസ്റന്റ് സര്ജന്മാരെ നിയമിക്കാനുള്ള കൗണ്‍സിലിംഗിനിടെ നിയമനത്തിനായി ആരോഗ്യമന്ത്രി കെ. കെ. രാമചന്ദ്രന്റെ ഓഫീസിലെ ജോലിക്കാര്‍ കൈക്കൂലി ചോദിച്ചതിന് തെളിവുണ്ട്. രാമചന്ദ്രനെ മാറ്റി നിര്‍ത്തി ഒരു സ്വതന്ത്ര ഏജന്‍സിയെ കേസന്വേഷണം ഏല്പ്പിക്കുകയാണെങ്കില് തെളിവുകള്‍ നല്കാന് താന്‍ തയ്യാറാണ്.
അസിസ്റന്റ് സര്ജന്മാരുടെ നിയമനനടപടികളില്‍ നാലുതരം അഴിമതികളാണ് നടന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചങ്ങനാശേരി, പൊന്നാനി, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ഒഴിവുള്ള എല്ലാ സീറ്റുകളെയും പറ്റി വിവരം നല്‍കിയില്ല. മാത്രമല്ല, ഈ ഒഴിവുകളില്‍ റാങ്കുലിസ്റില് ഏറ്റവു താഴെ റാങ്കുള്ളവരെയാണ് നിയമിച്ചിരിക്കുന്നത്.
യോഗ്യതയുള്ളവരെ നിയമിക്കേണ്ട സ്ഥലങ്ങളില്‍ ബിരുദാന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് നിയമിച്ചത്. ഇവര്‍ക്ക് പഠനശേഷം മാത്രമെ ഈ ആശുപത്രികളില്‍ ജോലിക്കു ചേരാനാകൂവെന്ന നിയമമുള്ളപ്പോഴാണിത്. നിയമിച്ചിരിക്കുന്ന പലര്‍ക്കും അവര്‍ മുന്‍ഗണന നല്കിയ സ്ഥലങ്ങളിലല്ല നിയമനം നല്‍കിയിരിക്കുന്നത്. സ്പെഷ്യാലിറ്റി ആശുപത്രികളില്‍ സ്പെഷലിറ്റ് ഡോക്ടര്‍മാരെ നിയമിച്ചിട്ടുമില്ല.
സര്ജന്മാരെ നിയമിക്കുന്നതില്‍ മന്ത്രിയുടെ ഓഫീസ് കോഴ വാങ്ങിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സ്പെഷ്യലിസ്റ് ഡോക്ടര്‍മാരെ നിയമിക്കുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ ഇതു നടന്നിട്ടില്ല. പിന്നോക്ക ഗ്രാമങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെ നഗരങ്ങളിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇത്തരം അഴിമതികളില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് കത്തില്‍ പറയുന്നു.
പേ വിഷബാധക്കുള്ള വാക്സിന് ഇടപാടില്‍ കോടികളുടെ നഷ്ടമുണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആരോഗ്യമന്ത്രി തടസം നില്‍ക്കുകയാണെന്നും വി. എസ് ആരോപിച്ചു.












Click it and Unblock the Notifications