കാസര്‍കോട് മണ്ണിടിഞ്ഞ് 10 മരണം
കാസര്‍കോട്: മൂളിയാര്‍ പഞ്ചായത്തിലെ കോട്ടൂരിനടുത്ത് ബോവിക്കാനം അട്ടപ്പറമ്പില്‍ ചെക്ക് ഡാം നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് 10 പേര്‍ മരിച്ചു.
ചൊവാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ദുരന്തമുണ്ടായത്. 13 പേരാണ് പണിക്കുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചെക് ഡാം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ കരാറുകാരനും പെടും. നിര്‍മാണത്തിന് കരാര്‍ എടുത്തിരുന്ന കാനത്തൂര്‍ നെയ്യം കയം സ്വദേശി ചന്ദ്രശേഖരന്‍ (42), സൂപ്പര്‍റെവസര്‍ ചെര്‍ക്കളക്കടുത്ത് ബേര്‍ക്ക കെ. ജനാര്‍ദനന്‍നായര്‍ (34), മജക്കാല്‍ ഹല്‍ത്തോട്ട് എം. ചേതന (16), മജക്കാര്‍ കരൈമൂവ എം. കുഞ്ഞിരാമന്‍ എന്ന അമ്പൂക്കന്‍ (48), പാത്തനടുക്ക പ്രകാശന്‍ (24), മുകേഷ്(18), അജിത് (22) കഫറടുക്ക കോളിയടുക്ക ജയറാം (20), കോളിയടുക്കം വിശ്വാസ് (20), കോളിയടുക്കം ചന്ദ്രന്‍ (19) എന്നിവരാണ് മരിച്ചത്.
മരിച്ചവരില്‍ ചേതനും മുകേഷും എസ്എസ്എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരാണ്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് ചെക്ക് ഡാം നിര്‍മ്മാണം നടന്നത്. ഉച്ചഭക്ഷണം കഴിഞ്ഞ് തൊഴിലാളികള്‍ വിശ്രമിക്കുമ്പോഴാണ് മണ്ണിടിഞ്ഞുവീണത്. 13 പേരില്‍ മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു.
ഹോസ്ദുര്‍ഗ് ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തി.












Click it and Unblock the Notifications