പിഎഫ് പലിശ നിരക്ക് 9.5 ശതമാനമാക്കി
ദില്ലി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപങ്ങളുടെ പലിശനിരക്ക് ഒന്‍പതര ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ടുള്ള വിജ്ഞാപനം ഏപ്രില്‍ 29 വെള്ളിയാഴ്ച കേന്ദ്രധനമന്ത്രാലയം പുറത്തിറക്കി.
പിഎഫ് പലിശ നിരക്ക് ഉയര്‍ത്തണെന്ന ഇടതുപക്ഷകക്ഷികളുടെ ആവശ്യം നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇപിഎഫ് പലിശനിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനോട് ധനകാര്യമന്ത്രാലയം അനുകൂലനിലപാടല്ല സ്വീകരിച്ചിരുന്നത്.
2004ല്‍ നടന്ന ജാര്‍ഖണ്ഡ്, ഹരിയാന ഉപതെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പിഎഫ് പലിശനിരക്ക് ഒന്‍പതരശതമാനമാക്കാന്‍ ധനമന്ത്രാലയം തയ്യാറാണെന്ന് കേന്ദ്രധനകാര്യവകുപ്പുമന്ത്രി പി. ചിദംബരം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് പലിശനിരക്ക് ഉയര്‍ത്തിക്കൊണ്ടുള്ള വിജ്ഞാപനം.
2002-03 വര്‍ഷത്തേക്ക് പലിശനിരക്ക് ഒന്‍പതര ശതമാനമാണെന്ന് ഇപിഎഫ് ബോര്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും 2003-04 വര്‍ഷം ഇത് ഒന്‍പതു ശതമാനം തന്നെയായിരുന്നു.
പുതുക്കിയ പലിശനിരക്ക് പ്രാബല്യത്തില്‍ വരാന്‍ ഇപിഎപ് കേന്ദ്രകമ്മറ്റിയുടെ അംഗീകാരത്തിനു കാക്കുകയാണെന്നും ചിദംബരം പറഞ്ഞു. പുതുക്കിയ പലിശനിരക്കനുസരിച്ച് സര്‍ക്കാരിന് 927 കോടിയുടെ അധികച്ചെലവുണ്ടാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications