സമാധാനശ്രമങ്ങള്‍ തുടരണം: മുഫ്തി മുഹമ്മദ്
കോഴിക്കോട്: ജനങ്ങളുടെ ആഗ്രഹം മുന്‍നിര്‍ത്തി ഇപ്പോള്‍ തുടങ്ങിവച്ചിരിക്കുന്ന ഇന്ത്യാ-പാക് സമാധാനശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്യിദ് പറഞ്ഞു. വിശ്വാസം നല്‍കിയാലേ വിശ്വാസം തിരിച്ചുലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ എക്കാലവും സമാധാനമുണ്ടാകണമെന്നാണ് ഇന്ത്യാ-പാക് ജനത ആഗ്രഹിക്കുന്നത്. ഇരുരാഷ്ട്രങ്ങളിലേക്കുമുള്ള ബസ്സര്‍വീസുകളിലൂടെ ആരംഭിച്ച സമാധാനപ്രക്രിയ ഇത്രത്തോളം മുന്നോട്ടുപോകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.
കശ്മീര്‍ പ്രശ്നത്തില്‍ ഇരുരാഷ്ട്രങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പ്രശ്നപരിഹാരമുണ്ടാകുമോയെന്ന ചോദ്യത്തിന് തങ്ങളുടെ നിലപാടില്‍ ഒരു പരിധി കവിഞ്ഞ വിട്ടുവീഴ്ചക്ക് ഇരുരാഷ്ട്രങ്ങളും തയ്യാറാകില്ലെന്നും എങ്കിലും സമാധാനശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാഷ്ടങ്ങളിലെയും പ്രധാനമന്ത്രിമാര്‍ സമാധാനമാഗ്രഹിക്കുന്നുണ്ട്. മുന്‍പാക് പ്രധാനമന്ത്രി ബേസനീര്‍ ഭൂട്ടോയും ബസ് സര്‍വീസിനെ സ്വാഗതം ചെയ്തിരുന്നു.
ഹുറിയത് കോണ്‍ഫറന്‍സിനെ യാതൊരു ഉപാധികളും മുന്നോട്ടുവക്കാതെ ചര്‍ച്ചകള്‍ക്കു ക്ഷണിച്ചിരുന്നു. പാക് പ്രധാനമന്ത്രി മുഷറഫും ഇക്കാര്യം അവരെ അറിയിച്ചിരുന്നു. അവര്‍ക്കും താല്‍പ്യമുണ്ടാകുമ്പോള്‍ മാത്രമെ ഇനി ചര്‍ച്ചകള്‍ നടക്കൂയെന്നും മുഫ്തി മുഹമ്മദ് സെയിദ് പറഞ്ഞു.












Click it and Unblock the Notifications