മണ്ഡലനിര്‍ണയം: മുഖ്യമന്ത്രിയുടെ നിര്‍ദേശം തള്ളി
തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പരിഗണനക്കായി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പുനര്‍നിര്‍ണയ കമ്മിഷന്‍ തള്ളിക്കളഞ്ഞു. പുനര്‍നിര്‍ണയം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനായുള്ള സിറ്റിംഗ് ഏപ്രില്‍ 26 ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി വസുദേവ ശര്‍മയാണ് രാജ്ഭവനില്‍ കമ്മറ്റി ചെയര്‍മാന്‍ കുല്‍ദീപ് സിംഗിനെ കണ്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. നിലവിലുള്ള ചട്ടങ്ങള്‍ മറികടക്കാനാവില്ലെന്നു പറഞ്ഞാണ് സിംഗ് നിര്‍ദേശങ്ങള്‍ തള്ളിയത്.
പുനര്‍നിര്‍ണയം സംബന്ധിച്ച് ജനങ്ങളുടെയും പാര്‍ട്ടി പ്രതിനിധികളുടെയും നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നതിന് തിരുവന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ കമ്മിഷന്‍ സിറ്റിംഗ് നടത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ മുന്നോട്ടുവക്കാന്‍ അവസരം ലഭിച്ചില്ലെന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് കുല്‍ദീപ് സിംഗിനെ കാണാന്‍ ശര്‍മ എത്തിയത്.
എംഎല്‍എമാര്‍ പരിശീലനപരിപാടകളിലും പഞ്ചായത്തംഗങ്ങള്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നതു കൊണ്ട് സിറ്റിംഗ് മാറ്റി വയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന നേരത്തെ കമ്മീഷന്‍ നിരസിച്ചിരുന്നു.
സിറ്റിംഗുകള്‍ക്കു ശേഷം ഏപ്രില്‍ 26ന് ബന്ധപ്പെട്ട അംഗങ്ങളുമായി ചര്‍ച്ച നടത്തി താമസം കൂടാതെ പുനര്‍നിര്‍ണയ പട്ടിക പുറത്തിറക്കാനായിരുന്നു കമ്മീഷന്‍ പദ്ധതി.
സിപിഐ, സിപിഎം, മുസ്ലീംലീഗ് തുടങ്ങിയ പാര്‍ട്ടികളെല്ലാം തങ്ങളുടെ നിര്‍ദേശങ്ങള്‍ കമ്മീഷനു മുന്‍പാകെ നല്‍കിക്കഴിഞ്ഞു. പുനര്‍നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായതാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകുവാന്‍ കാരണം.
പുനര്‍നിര്‍ണയത്തിനുള്ള കരടുരൂപം കമ്മിഷന്‍ തയ്യാറാക്കുമ്പോള്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നത് ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായിരുന്നു. ഇവര്‍ മന്ത്രിമാരായപ്പോള്‍ എം. പി. ഗംഗാധരനും പി. പി. ജോര്‍ജുമാണ് കമ്മറ്റിയില്‍ പങ്കെടുത്തത്. പുനര്‍നിര്‍ണയം സംബന്ധിച്ച അഭിപ്രായങ്ങള്‍ ഏകീകരിക്കാനായി കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നു മാത്രമല്ല, ഇതുസംബന്ധിച്ച് എംഎല്‍എമാര്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസവുമുണ്ട്.












Click it and Unblock the Notifications