വിഴിഞ്ഞം തുറമുഖം: കമ്പനി രൂപീകരിക്കും
തിരുവനന്തപുരം: ടെണ്ടറുകാര്‍ മുന്നോട്ടുവരുന്നില്ലെങ്കില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി നെടുമ്പാശേരി വിമാനത്താവള കമ്പനിയുടെ മാതൃകയില്‍ ഒരു കമ്പനി രൂപീകരിക്കുമെന്ന് തുറമുഖവികസന മന്ത്രി എം. വി. രാഘവന്‍ അറിയിച്ചു.
16 വിദേശകമ്പനികള്‍ ടെണ്ടര്‍ ഫോമുകള്‍ വാങ്ങിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ എട്ടാണ് ടെണ്ടറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ടെണ്ടറുകള്‍ സമര്‍പ്പിക്കുന്ന കമ്പനികള്‍ക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ കമ്പനികള്‍ക്കു വേണ്ടി സര്‍ക്കാര്‍ തന്നെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് വ്യവസ്ഥയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ ആദ്യം പദ്ധതിയെ എതിര്‍ത്തിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ക്ക് പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം ഏതെങ്കിലും തരത്തില്‍ കൊച്ചി വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിനെ ദോഷകരമായി ബാധിക്കില്ല. വലിയ കപ്പലുകള്‍ക്ക് നങ്കൂരമിടാവുന്ന വിധത്തില്‍ വിഴിഞ്ഞം തുറമുഖം ലോകനിലവാരത്തിലുള്ള തുറമുഖമായി മാറും. മറ്റ് പ്രധാന തുറമുഖങ്ങള്‍ പോലെ ഇവിടെ തീരത്തോട് ചേര്‍ന്നു കിടക്കുന്ന കടലിന്റെ അന്തര്‍ഭാഗത്ത് കുഴിക്കേണ്ടിവരില്ല.
ബിഒടി സമ്പ്രാദയത്തിലാണ് തുറമുഖം നിര്‍മിക്കുന്നതെന്നതിനാല്‍ ഈ പദ്ധതിക്ക് കേന്ദ്രസഹായം ആവശ്യമായി വരില്ല. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications