ചോദ്യപേപ്പര്‍ സ്വകാര്യപ്രസില്‍ അച്ചടിക്കരുത്: ഹൈക്കോടതി
കൊച്ചി: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ സ്വകാര്യപ്രസ്സില്‍ അച്ചടിക്കുന്നത് നിര്‍ത്തണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പരീക്ഷയുടെ നടപടിക്രമങ്ങളില്‍ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ചോദ്യപേപ്പര്‍ അച്ചടിക്കു ഹൈടെക്സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ കോടതിയെ അറിയിക്കാനും യോഗത്തിലെ നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറി മന്ത്രിസഭയ്ക്കോ മുഖ്യമന്ത്രിക്കോ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെക്കുറിച്ച് മറ്റൊരു ഉത്തരവില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. അന്വേഷണം സംബന്ധിച്ച പുരോഗതി അറിയിക്കുവാന്‍ ക്രൈംബ്രാഞ്ചിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ഇതുവരെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് അഡീഷണല്‍ അഡ്വേക്കേറ്റ് ജനറല്‍ വി.കെ ബീരാന്‍ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications