വി. എസിന്റെ പ്രസ്താവന സിപിഎം തള്ളി
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവന സിപിഎം തള്ളി.
മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളുടെ മെച്ചപ്പെട്ട പ്രകടനം ചോദ്യപേപ്പര്‍ ചോര്‍ന്നുകിട്ടിയതു കൊണ്ടാണെന്ന് കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ഔദ്യോഗികപക്ഷമാണ് പ്രമേയം കൊണ്ടുവന്നത്.
വി. എസിന്റെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. മലപ്പുറം ജില്ലാ സെക്രട്ടറി കെ. സെയ്താലിക്കുട്ടിയുള്‍പ്പെടെയുള്ള അംഗങ്ങള്‍ വി. എസിനെതിരെ യോഗത്തില്‍ ആഞ്ഞടിച്ചു. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുമ്പോള്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന വി. എസ് നടത്തിയത് ശരിയായില്ലെന്ന് വി. എസ്സിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
വിമര്‍ശനത്തിന് വി. എസ് നല്‍കിയ മറുപടിയില്‍ മലപ്പുറത്ത് സമീപവര്‍ഷങ്ങളില്‍ കാണുന്ന പ്രവണത താന്‍ ചൂണ്ടിക്കാട്ടിയെന്നേയുള്ളൂവെന്ന് വ്യക്തമാക്കി. തുടര്‍ന്ന് അംഗീകരിച്ച പ്രമേയം വി. എസിന്റെ പ്രസ്താവന വളച്ചൊടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളുടെ മെച്ചപ്പെട്ട പ്രകടനം ചോദ്യപേപ്പര്‍ ചോര്‍ന്നുകിട്ടിയതു കൊണ്ടാണെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications