സ്മാര്‍ട്ട്സിറ്റി: ധാരണാപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍
ദുബായ്: കൊച്ചിയില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. രണ്ടാഴ്ചയ്ക്കുള്ളില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാരും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയും ഒപ്പുവയ്ക്കും.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പദ്ധതിക്ക് അനുമതി നല്‍കിയാലുടന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ധാരണാപത്രം ഒപ്പു വയ്ക്കും. ദുബായ് ഇന്റര്‍നെറ്റ് സിറ്റി ഡയറക്ടര്‍ ബോര്‍ഡും പദ്ധതി അംഗീകരിക്കേണ്ടതുണ്ട്. ധാരണാപത്രം ഒപ്പിട്ടാല്‍ മൂന്ന് മാസത്തിനുള്ളില്‍ അന്തിമകരാര്‍ ഒപ്പിട്ട് നിര്‍മാണം ആരംഭിക്കും. ആദ്യഘട്ടം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
33,000 തൊഴിലവസരങ്ങള്‍ ഇന്റര്‍നെറ്റ് സിറ്റി പ്രത്യക്ഷമായി ഉണ്ടാകുമെന്നാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റി മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. ഇതിന് പത്തു വര്‍ഷം വേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി. പ്രത്യക്ഷ തൊഴിലവസരങ്ങള്‍ക്ക് പുറമേ ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് പരോക്ഷമായുള്ള ജോലിയവസരങ്ങളും സ്മാര്‍ട്ടി സിറ്റി ഒരുക്കും.
സംസ്ഥാനത്തിന്റെ വികസനത്തിന് ഇനിയും മുതല്‍മുടക്കാന്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി തയാറാകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. സ്മാര്‍ട്ട് സിറ്റി കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതിയ മാനം നല്‍കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അടിസ്ഥാന വികസന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ് ശനിയാഴ്ച നടന്നത്. ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് പദ്ധതി നടത്തിപ്പില്‍ പൂര്‍ണസ്വാതന്ത്യ്രമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. പദ്ധതിക്കെതിരായ പരാതികളില്‍ കഴമ്പുണ്ടെങ്കില്‍ പദ്ധതി അപ്പോള്‍ തന്നെ അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications