യഥാര്‍ഥ കോണ്‍ഗ്രസ് തന്റേത്: കരുണാകരന്‍
തൃശൂര്‍: മഹാത്മാഗാന്ധി മുതല്‍ സോണിയാഗാന്ധി വരെയുള്ള നേതാക്കളുമൊന്നിച്ച് താന്‍ പ്രവര്‍ത്തിച്ചുവെന്നും ഇനിയും നെഹ്റു കുടുംബത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനം തുടരുമെന്നും ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ കരുണാകരന്‍ പറഞ്ഞു. മെയ് ഒന്ന് ഞായറാഴ്ച രാവിലെ 10.40ന് തുടങ്ങിയ കണ്‍വെന്‍ഷന്‍ കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തട്ടിക്കൊണ്ട് പോകുന്നുവെന്നതാണ് സ്ഥിതി. ഇത്ര ഗതികേടിലാണോ കോണ്‍ഗ്രസുകാര്‍? മദ്യ രാജാക്കാന്‍ മാരുടെ കാശുപയോഗിച്ച് കെപിസിസി നടത്തിയത് ദണ്ഡിയാത്രയല്ല, ചാണ്ടി യാത്രയായിരുന്നു. ഇത് അനുവദിക്കില്ല. ചാണ്ടി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും. ചാരായക്കാരുടെ പിന്തുണ നമുക്കില്ല. പ്രവര്‍ത്തകരാണ് എന്റെ ശക്തി.
പുതിയൊരു സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഈ സംഘടനയിലെ അഴുക്ക് പുറത്തുകളഞ്ഞ് യഥാര്‍ഥ സംഘടന വരുന്നു. അതു കഴിഞ്ഞ് കര്‍മപരിപാടി രൂപീകരിക്കും.
കോണ്‍ഗ്രസ് അധ്യക്ഷയെ കാണാനാകാത്തത് ക്ഷമിക്കാം. എന്നാല്‍ തന്റെ കുതികാല്‍ വെട്ടാന്‍ ശ്രമിച്ചാല്‍ എന്തു ചെയ്യണം. എന്റെ ജീവനുള്ളിടത്തോളം കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സമ്മതിക്കില്ല. ഗാന്ധി, നെഹ്റു, ഇന്ദിര, രാജീവ് എന്നിവരുടെ പിന്തുണ നമുക്ക് ഉണ്ട്. പലരും കണ്‍വെന്‍ഷന്‍ മാറ്റാന്‍ പറഞ്ഞെങ്കിലും പ്രവര്‍ത്തകരെ വഞ്ചിക്കാനാവാത്തതു കൊണ്ട് ഇതില്‍ ഉറച്ചുനിന്നു.
അധ്വാനിക്കുന്ന ജനവിഭാഗം അവകാശത്തിനായി രക്തം ചീന്തിയ ദിനമാണ് മേയ് ദിനം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ തീരുന്നില്ല. കര്‍ഷകര്‍ സമാധാന പ്രിയരായതിനാല്‍ അവര്‍ ക്ഷമിക്കുന്നു. നമ്മുടെ ഭരണം വന്നാല്‍ കര്‍ഷകരുടെ കടം എഴുതിതള്ളും. കര്‍ഷകരെ തലകുനിക്കാന്‍ അനുവദിക്കില്ല. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും- കരുണാകരന്‍ പറഞ്ഞു.
സാദിരിക്കോയ അധ്യക്ഷ പ്രസംഗം നടത്തി. വി. ബലറാം സ്വാഗതം പറഞ്ഞു. പതാക ഉയര്‍ത്തലിന് ശേഷമാണ് കരുണാകരന്‍ ഉദ്ഘാടന പ്രസംഗം നടത്തിയത്.












Click it and Unblock the Notifications