തീരുമാനം പുന:പരിശോധിക്കണം: ആന്റണി
തിരുവനന്തപുരം: കരുണാകരന്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങി വരുകയാണ് വേണ്ടതെന്ന് എ. കെ. ആന്റണി. കരുണാകരന്റെ പുതിയ പാര്‍ട്ടി രൂപീകരണത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആന്റണി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
കോണ്‍ഗ്രസ് ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടതാണ്. ഇപ്പോഴുള്ള പ്രതിസന്ധിയും താല്കാലികം മാത്രമാണ്. ഈ പ്രതിസന്ധിയും തരണം ചെയ്യാനുള്ള കരുത്ത് കോണ്‍ഗ്രസിന് ഉണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിയ്ക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ ചെയ്യേണ്ട്.
കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ നേതൃത്ത്വമാണ് ആവശ്യം. ഇനിയും കെ.പി.സി.സി. അദ്ധ്യക്ഷനാവാന്‍ താനില്ല. ദില്ലിയില്‍ നടക്കുന്നത് കേരളത്തിലും നടക്കുമെന്ന് കരുതാനാവില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസും മാര്‍ക്സിസ്റ് പാര്‍ട്ടിയും തമ്മിലുണ്ടാക്കിയിട്ടുള്ള സഖ്യത്തെക്കുറിച്ച് പരമാര്‍ശിച്ച്കൊണ്ട് ആന്റണി പറഞ്ഞു. കേരളത്തില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം അപ്രായോഗികമാണെന്ന് മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി. ഇന്ദിരാഗാന്ധിയുടെ പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത് ഇന്ദിരയോടുള്ള അനാദരവാണെന്നും ആന്റണി പറഞ്ഞു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസ് - മാര്‍ക്സിസ്റ് സഖ്യമെന്നത് നടക്കാത്ത കാര്യമാണ്.
തൃശൂരില്‍ കരുണാകരന്റെ പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ തങ്ങളുടെ തീരുമാനം പുനപരിശോധിക്കണം. ഉര്‍വശീശാപം ഉപകാരമെന്ന പോലെ ഈ അവസരം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കണം. ഗ്രൂപ്പ് പ്രവര്‍ത്തനം മൂലം സംഘടനാ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പോഷകസംഘടനകള്‍ ദുര്‍ബലമാണ്. കോണ്‍ഗ്രസിലേക്ക് കൂടുതല്‍ യുവജനങ്ങള്‍ കടന്നുവരണം.
ഒരുതവണ കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പുതിയ പാര്‍ട്ടിയുമായി മാര്‍ക്സിസ്റ് പാളയത്തില്‍ പോയവനാണ് താന്‍. തനിക്ക് 1980ല്‍ ഉണ്ടായ അവസ്ഥ ഇനി ഒരു കോണ്‍ഗ്രസുകാരനും ഉണ്ടാവരുതെന്ന് ആഗ്രഹമുണ്ട്. പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാവുന്നതേയുള്ളു.
ഉര്‍വശീശാപം ഉപകാരമായെന്ന് പറയുന്നതുപോലെ ഇപ്പോഴത്തെ പിളര്‍പ്പ് സംഘടനയെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കണം. കെ.എസ്.യു , യൂത്ത് കോണ്‍ഗ്രസ് എന്നിവയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുതുരക്തത്തെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം. പഴയതിനൊപ്പം പുതിയ നേതാക്കളും പാര്‍ട്ടി നേതൃസ്ഥാനത്ത് വരണം - ആന്റണി ആവശ്യപ്പെട്ടു.
സിപിഎം വീണ്ടും കേരളത്തില്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസുകാര്‍ അവസരം നല്‍കരുതെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications