കൃഷ്ണസ്വാമി ബുധനാഴ്ച കേരളത്തിലെത്തും
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പിനുള്ള സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ എം. കൃഷ്ണസ്വാമി മെയ് നാല് ബുധനാഴ്ച തിരുവനന്തപുരത്ത് എത്തും. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാനാണ് കൃഷ്ണസ്വാമി എത്തുന്നത്.
14 ജില്ലാകമ്മറ്റികളിലേയും തിരഞ്ഞെടുക്കപ്പെട്ട വരണാധികാരികളുടെ യോഗവും ബുധനാഴ്ച ചേരുന്നുണ്ട്. ഈ യോഗത്തില്‍ കൃഷ്ണസ്വാമിയും സംബന്ധിക്കും.
എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ച പ്രകാരം നടക്കാന്‍ സാധ്യത കുറവാണ്. കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച സാഹചര്യത്തില്‍ സംഘടനാ തെരഞ്ഞെടുപ്പു നടത്തിയാല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമോയെന്ന ആശങ്കയാണ് ഇതിനു കാരണം.
സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തതിന്റെ പേരില്‍ ഐ ഗ്രൂപ്പില്‍ നിന്നു വിട്ടുപോന്ന നേതാക്കളുടെ കാര്യവും തെരഞ്ഞെടുപ്പു നീട്ടിവക്കാന്‍ കാരണമാകുന്നുണ്ട്. തെരഞ്ഞെടുപ്പു നടത്തുകയാണെങ്കില്‍ ഇവരില്‍ പലര്‍ക്കും സ്ഥാനങ്ങള്‍ നല്‍കേണ്ടി വരും. ഔദ്യോഗിക പക്ഷത്തുള്ളവരുടെ സ്ഥാനങ്ങള്‍ അപ്പോള്‍ നഷ്ടപ്പെടും. ഇത് സ്വാഭാവികമായും പ്രശ്നങ്ങള്‍ക്കിട വരുത്തും.
കൂത്തുപറമ്പ്, അഴീക്കോട് എന്നിവിടങ്ങളില്‍ ജൂണില്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പറഞ്ഞ് സംഘടനാതെരഞ്ഞെടുപ്പു മാറ്റിവയ്ക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പേരില്‍ തെരഞ്ഞെടുപ്പുനീട്ടാനും അവസാനം മുന്‍കാലങ്ങളിലേതു പോലെ നോമിനേഷനില്‍ കാര്യങ്ങളൊതുക്കാനുമായിരിക്കും നേതാക്കള്‍ തീരുമാനിക്കുക.
സംഘടനാതെരഞ്ഞെടുപ്പു നടത്തണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്നത് ഐ ഗ്രൂപ്പാണ്. അവര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തിനു വേണ്ടി ഇനിയാരും സമ്മര്‍ദം ചെലുത്താനും സാധ്യതയില്ല. ഇതെല്ലാം കണക്കിലെടുത്താണ് സംഘടനാതെരഞ്ഞെടുപ്പു വൈകിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കുക.












Click it and Unblock the Notifications