കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണം: പിണറായി
ബാംഗ്ലൂര്‍: കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരാട്ടത്തില്‍ കരുണാകരന്‍ ദുരന്തകഥാപാത്രമാകുമോയെന്ന കാര്യം കാലം തെളിയിക്കുമെന്ന് പിണറായി വിജയന്‍. അന്തരിച്ച ഐഎന്‍എല്‍ നേതാവ് ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു പിണറായി.
കരുണാകരന്‍ പോയതോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമായിരിക്കുകയാണ്. കരുണാകരനു പുറമെ പിള്ളയും ജേക്കബ്ബും താമരാക്ഷനും കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുകയാണ്.
ധാരാളം ജനങ്ങള്‍ ബഹുമാനിക്കുന്ന നേതാവാണ് കരുണാകരന്‍. രഹസ്യമായല്ല, പരസ്യമായി പതിനായിരങ്ങളെ അണിനിരത്തിയാണ് അദ്ദേഹം പുതിയ പാര്‍ട്ടിയുണ്ടാക്കിയത്. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമില്ലാത്ത ഈ പിന്തുണ കേരളത്തില്‍ കോണ്‍ഗ്രസിനെ വലിയ തോതില്‍ തന്നെ തകര്‍ക്കും.
കരുണാകരന്റെ പാര്‍ട്ടി ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇടതുപക്ഷം തീരുമാനമെടുത്തിട്ടില്ല. മുന്‍പ് ആന്റണി തങ്ങളുടെ കൂടെ വന്നപ്പോള്‍ കുറച്ചുപേരേ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കരുണാകരന്റെ കാര്യം അങ്ങനെയല്ല.
വര്‍ഗീയ പാര്‍ട്ടികളെ ചെറുക്കാന്‍ യുഡിഎഫ് പരാജയപ്പെട്ട സാഹചര്യത്തില്‍ തങ്ങളുടേതാണ് ഈ ഉത്തരവാദിത്വമെന്നും തെരഞ്ഞെടുപ്പില്‍ ആരു വോട്ടു തന്നാലും സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി.












Click it and Unblock the Notifications