സ്ഫോടനം: ഇറാഖില്‍ 50 പേര്‍ മരിച്ചു
ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ ഒരു പൊലീസ് റിക്രൂട്ടിങ് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ചുരുങ്ങിയത് 50 പേര്‍ മരിച്ചു. 150 പേര്‍ക്ക് പരിക്കേറ്റു.
ബാഗ്ദാദിനു 350 കിലോ മീറ്റര്‍ വടക്കുമാറി കുര്‍ദിഷ് നഗരമായ ഐര്‍ബിലിലാണ് ആക്രമണമുണ്ടായത്. പൊലീസില്‍ ജോലി ലഭിക്കുന്നതിനായി റിക്രൂട്ടിംഗ് സെന്ററില്‍ എത്തിയ ജനങ്ങള്‍ക്കിടയിലേക്ക് സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചു വച്ച് എത്തിയ ഇറാഖുകാരനാണ് അപകടമുണ്ടാക്കിയത്.
കഴിഞ്ഞ ഫെബ്രവരി 28ന് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. 28ന് ഹില്ലയിലെ ഒരു മെഡിക്കല്‍ ക്യാമ്പിനു നേരെ നടന്ന ബോംബാക്രമണത്തില്‍ 110 പേര്‍ മരിക്കുകയും 133 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി യുഎസ്, ഇറാഖ് സേനകള്‍ക്കു നേരെയും ഇറാഖ് പൊലീസിനു നേരെയും റിക്രൂട്ടിംഗ് സെന്ററുകള്‍ക്കു നേരെയുമാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. യുഎസ് സേന ഇപ്പോള്‍ അക്രമങ്ങള്‍ തടയുന്നതിനായി കൂടുതല്‍ ഇറാഖികളെ പൊലീസിലെടുത്ത് പരിശീലനം നല്‍കിവരികയാണ്. ഇതെത്തുടര്‍ന്നാണ് റിക്രൂട്ടിംഗ് സെന്ററുകള്‍ക്കു നേരെയും ആക്രമണം ശക്തമായിരിക്കുന്നത്.












Click it and Unblock the Notifications