കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്, വീണ്ടും സമവായത്തിന് നീക്കം
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് ഐ വിഭാഗം പിരിഞ്ഞതോടെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന വാദത്തിന് ശക്തി കുറയുകയാണ്. പല ഡിസിസി അദ്ധ്യക്ഷന്മാരും തിരഞ്ഞെടുപ്പ് നടത്തണമെന്ന് വാദിയ്ക്കുന്നുണ്ടെങ്കിലും ഇത് ഒഴിവാക്കി സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ മുന്‍നിര നേതാക്കള്‍ തുടങ്ങി കഴിഞ്ഞു.
ഇതിനായി അവര്‍ പുതിയ ന്യായവും കണ്ടെത്തിയിട്ടുണ്ട്. മത്സരങ്ങള്‍ ഉണ്ടായാല്‍ പാര്‍ട്ടിയിക്കുള്ളില്‍ അസ്വസ്ഥത ഉണ്ടാവുമെന്നും ഇത് ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് താങ്ങാന്‍ കഴിയാത്തതാണെന്നുമാണ് ഇവരുടെ നിലപാട്. തിരഞ്ഞെടുപ്പ് നടത്താതെ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്തുകയാണെങ്കില്‍ തികഞ്ഞ ജനാധിപത്യം കോണ്‍ഗ്രസില്‍ ഉണ്ടാവുമെന്ന് കാംഷിച്ചവര്‍ക്ക് വീണ്ടും നിരാശയായിരിയ്ക്കും ഫലം.
സംഘടനാ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാന്‍ കെ.പി.സി.സി. നേതൃയോഗം മേയ് നാല് ബുധനാഴ്ച തീരുമാനിച്ചിരിന്നു. ഇതിനൊപ്പമാണ് മുന്‍നിര നേതാക്കലും ഔദ്യോഗിക പക്ഷവും സമവായത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സമവായം ഉണ്ടാക്കാനുള്ള നീക്കത്തെ ഈ യോഗത്തിലാണ് ഭൂരിപക്ഷം ഡിസിസി അദ്ധ്യക്ഷന്മാരും എതിര്‍ത്തത്. ബുത്ത് തലം മുതല്‍ തിരഞ്ഞെടുപ്പ് പ്രക്രീയ നടത്തണമെന്നായിരുന്നു ഇവരുടെ വാദം. ഇതിനായി ഇവര്‍ അവരുടെ ന്യായവും അവതരിപ്പിച്ചു. നാമനിര്‍ദ്ദേശം നടത്തിയാല്‍ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് ഒരിയ്ക്കലും നടക്കില്ലെന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ വാദം ശരിയാവുമെന്നാണ് ഇവര്‍ ചൂണ്ടികാണിച്ചത്. ഇത് അവര്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിയ്ക്കാന്‍ കൂടുതല്‍ അവസരം നല്‍കുകയും ചെയ്യും.
സംസ്ഥാനത്ത് എത്തിയ വരണാധികാരം എ. കൃഷ്ണസ്വാമിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചകളിലാണ് തിരഞ്ഞെടുപ്പ് നടത്താമെന്ന് ധാരണ ഉണ്ടായത്. എന്നാല്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയാണ്. എപ്പോഴാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് കെ.പി.സി.സി. ആണ് തീരുമാനിയ്ക്കുക. തിരഞ്ഞെടുപ്പ് പദ്ധതിയും ദിവസങ്ങളും കെ.പി.സി.സി. നിര്‍വാഹക സമിതിയില്‍ മേയ് ആറ് വെള്ളിയാഴ്ച അവതരിപ്പിച്ചേയ്ക്കും.












Click it and Unblock the Notifications