മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം; പരാതി നല്‍കി
തിരുവനന്തപുരം: സഹകരണമന്ത്രി എം.വി.രാഘവനെതിരെ ടൂറിസം മന്ത്രികെ.സി.വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ടൂറിസം വകുപ്പ് രൂപവത്കരിച്ച ടൂര്‍ഫെഡ് സഹകരണസ്ഥാപനങ്ങളുടെ അംഗീകാരത്തെ ചൊല്ലി ഇരുമന്ത്രിമാരും തമ്മില്‍ തര്‍ക്കമുടലെടുത്തതിനെ തുടര്‍ന്നാണിത്.
ടൂറിസം വകുപ്പിന് കീഴില്‍ ടൂറിസം സഹകരണ സംഘങ്ങള്‍ രജിസ്റര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഇവയില്‍ ഓഹരി എടുക്കുന്ന പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും കാണിച്ച് സഹകരണമന്ത്രിയുടെ ഓഫീസില്‍ നിന്നും വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു. ഇതിനെതിരെയാണ് കെ.സി.വേണുഗോപാല്‍ പരാതി നല്‍കിയത്. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് രേഖാമൂലം നല്‍കിയ പരാതിയില്‍ പറയുന്നു.
സഹകരണമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് അറിയിച്ചുകൊണ്ട് ടൂറിസം മന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രസ്താവനയുമിറക്കിയിട്ടുണ്ട്.
ടൂറിസം വകുപ്പിന്റെ കീഴില്‍ തുടങ്ങിയ ടൂര്‍ ഫെഡ് സഹകരണ സ്ഥാപനങ്ങളുടെ രജിസ്ട്രാറായി ടൂറിസം ഡയറക്ടറെയാണ് നിയമിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്നാണ് സഹകരണമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണം വാസ്തവവിരുദ്ധമാണെന്നും ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ നിയമവിധേയമായ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ ഫെഡ് സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയതെന്നും ടൂറിസം മന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications