നിലപാട് ഉപതിരഞ്ഞെടുപ്പിനു മുന്‍പ്: വെള്ളാപ്പള്ളി
കൊല്ലം: കൂത്തുപറമ്പ്, അഴീക്കോട് ഉപതെരഞ്ഞെടുപ്പുകള്‍ക്കു മുമ്പു തന്നെ എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യത്തിന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ പറഞ്ഞു.
തീരുമാനമെന്തായാലും എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ഒരേ സ്വരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുസംഘടനകളുടെയും കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചേര്‍ന്നാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കുക. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ചും കമ്മിറ്റി തീരുമാനിക്കും.
എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യത്തിന് രാഷ്ട്രീയമില്ല. ബിജെപിയുമായി സഖ്യത്തിന് യാതൊരു ബന്ധവുമില്ല. ബിജെപിയുടെ അജണ്ടയല്ല ഐക്യസഖ്യത്തിന്റേത്.കരുണാകരന്‍ രൂപീകരിച്ച പാര്‍ട്ടിയോടും തങ്ങള്‍ക്ക് ആഭിമുഖ്യമില്ല. എന്‍എസ്എസിനെയും എസ്എന്‍ഡിപിയിയേയും രണ്ടുതവണ തള്ളിപ്പറഞ്ഞയാളാണ് കരുണാകരന്‍.
ഭൂരിപക്ഷ സമുദായ ഐക്യത്തിനാണ് ഐക്യമുന്നണി നിലകൊള്ളുന്നത്. ഐക്യമുന്നണിക്ക് നമ്പൂതിരി, വിശ്വകര്‍മസമുദായവും വിളക്കിത്തല നായര്‍ സമുദായവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും എല്‍ഡിഎഫിനു ഒരുമിച്ചു ഭരിക്കാമെങ്കില്‍ എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ഒരുമിച്ചുപ്രവര്‍ത്തിക്കാമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications