പാവപ്പെട്ടവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്
തിരുവനന്തപുരം: കേരളത്തില്‍ ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് സെപ്റ്റംബറില്‍ തുടങ്ങാന്‍ ആസൂത്രണ ബോര്‍ഡ് തീരുമാനിച്ചു.
അധികാര വികേന്ദ്രീകരണ നിയമമായ പഞ്ചായത്ത് രാജ് നിലവില്‍ വന്ന ശേഷമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തീരുമാനിച്ചു. പഞ്ചായത്ത്രാജ് നിയമത്തിന് കീഴിലുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്താനാണ് തീരുമാനം.
ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ സി.വി. പത്മരാജനാണ് വാര്‍ത്താസമ്മേളനത്തില്‍ ബോര്‍ഡിന്റെ തീരുമാനങ്ങളറിയിച്ചത്.
പദ്ധതിവിഹിതത്തിന്റെ 90 ശതമാനവും സംസ്ഥാനം ചെലവഴിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന് നല്‍കാനും യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ പദ്ധതികളുടെ അവലോകനവും യോഗം നടത്തി.
അട്ടപ്പാടിയിലെ പരിസ്ഥിതി സംരക്ഷണ തണ്ണീര്‍ത്തട വികസനപദ്ധതി പുനരാരംഭിക്കാനും യോഗം തീരുമാനിച്ചു. നാഷണല്‍ ഹൈഡ്രോളജി പദ്ധതിയുടെ നടത്തിപ്പിന് ജലവകുപ്പുമായി ബോര്‍ഡ് സഹകരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുമായി ധാരണയുണ്ടാക്കിയാകും ഇത്.
കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും. ഈ പദ്ധതിക്ക് സ്ഥലം ലഭ്യമാക്കുന്നതിന് കാലതാമസം വരുന്നതിനാല്‍ ഇത് അതിവേഗ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ആസൂത്രണബോര്‍ഡ് യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ പുരോഗതി കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഇതിനുള്ള കേന്ദ്ര പദ്ധതികള്‍ ഉപയോഗപ്പെടുത്താന്‍ വിദ്യഭ്യാസവകുപ്പിനോട് മുന്നോട്ടു വരാനും യോഗം ആവശ്യപ്പെട്ടു. ധനമന്ത്രാലയത്തോടൊപ്പം ആസൂത്രണ ബോര്‍ഡും പദ്ധതികള്‍ തയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെ സഹായിക്കും.
ഗ്രാമീണ ശുചിത്വ പരിപാലന പദ്ധതിയുടെ പുരോഗതിയിലും പ്രശ്നങ്ങളുണ്ടെന്ന് യോഗം വിലയിരുത്തി. വൈദ്യുതി ലഭിക്കാത്തതും ജല അതോറിറ്റിയുമായി ഏകോപനം ഇല്ലാത്തതുമാണ് പദ്ധതിയെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. ഇതൊഴിവാക്കാന്‍ അടിയന്തിര ശ്രമം ഉണ്ടാകും.
ജപ്പാന്‍ സഹായത്തോടെ നടത്തുന്ന കുടിവെള്ള പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് അതിവേഗ പദ്ധതിയുടെ ഭാഗമാക്കും. ഇത് പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടിയും തുടങ്ങും.












Click it and Unblock the Notifications