ലാലുവിന്റെ ആരോപണം തെറ്റ്: കൃഷ്ണമൂര്‍ത്തി
ദില്ലി: ബീഹാറിലെ ചപ്രയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്രറെയില്‍വെമന്ത്രി ലാലു പ്രസാദ് യാദവ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി. എസ്. കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ചപ്രയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തിയത് ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ ബി. ബി. ടണ്ഠന്‍, എന്‍. ഗോപാലസ്വാമി എന്നിവരുടെയും സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബിഹാറില്‍ കമ്മിഷന്‍ നിരീക്ഷനായിരുന്ന എല്‍. വി. സപ്തര്‍ഷി കേന്ദ്രനിയമമന്ത്രി എച്ച്. ആര്‍. ഭരദ്വാജിന് കത്തയച്ചിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ രാജിവയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുന:സംഘടിപ്പിക്കണമെന്നുമുള്ള ലാലുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണമൂര്‍ത്തി. നേരത്തെ മെയ് എട്ട് ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം ചേര്‍ന്ന് ലാലുവിന്റെ പ്രസ്താവനയെ അപലപിച്ചു.
ലാലുവിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രവും വിശ്വാസ്യത നിലനിര്‍ത്തുന്നതുമായ സ്ഥാപനമാണെന്നും ഒരാളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ തെറ്റ് ചെയ്തെന്ന് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചപ്രയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തിയത് വസ്തുതാപരമായ വിവരങ്ങളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തസിനെ ചോദ്യം ചെയ്യുന്ന പ്രവണത അപലപനീയമാണ്- കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.












Click it and Unblock the Notifications