ബിജെപി യോഗത്തില്‍ വാക്കേറ്റം
ഇടുക്കി: ബിജെപി സംസ്ഥാന കമ്മറ്റി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ശക്തമായ വാക്കേറ്റം. നേതാക്കള്‍ രണ്ടു തട്ടിലായി പോരടിക്കുന്നതാണ് യോഗത്തില്‍ കണ്ടത്. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് യോഗം ഒരു ഘട്ടത്തില്‍ നിര്‍ത്തി വച്ചു.
സംഘടനയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയ ശേഷം മതി മറ്റു കാര്യങ്ങളിലെ ചര്‍ച്ചയെന്ന് ഒരു വിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ശക്തമായ വാക്കേറ്റമുണ്ടായത്. ഔദ്യോഗിക വിഭാഗത്തിനെതിരെ പി. പി. മുകുന്ദന്‍ പക്ഷക്കാര്‍ യോഗത്തില്‍ ആഞ്ഞടിച്ചു.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍ പിള്ളയ്ക്കെതിരെ രൂക്ഷമായ അരോപണങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. തൃശൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെ പ്രതിമ സ്ഥാപിക്കാത്തതിനെ ചൊല്ലി ശ്രീധരന്‍പിള്ളയ്ക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നു. തിരുവനന്തപുരം ജില്ലാ കമ്മറ്റി ഒ. രാജഗോപാലിന്റെ ബിനാമി സ്വത്താണെന്ന കുറ്റപ്പെടുത്തലും യോഗത്തിലുണ്ടായി.
യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തെ ചൊല്ലി പാലക്കാട്, മലപ്പുറം ജില്ലാ പ്രസിഡന്റുമാര്‍ തമ്മില്‍ ശക്തമായ വാക്കേറ്റമുണ്ടായി. മലപ്പുറത്ത് നടന്ന സമ്മേളനത്തില്‍ അവിടെ നിന്നുള്ള 1000 പേരാണ് പങ്കെടുത്തതെന്ന് പാലക്കാട് ജില്ലാ പ്രസിഡന്റ് ശിവരാജന്‍ ആരോപിച്ചു. മലപ്പുറം അധ്യക്ഷന്‍ ജനചന്ദ്രന്‍ മാസ്റര്‍ ഈ ആരോപണം തള്ളി. പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ മലപ്പുറത്ത് നിന്നും പങ്കെടുത്തത്തെന്ന് അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ചാ സമ്മേളനത്തിന് ഔദ്യോഗിക ബിജെപി നേതൃത്വം സഹകരിച്ചില്ലെന്ന പരാതിയും പി. പി. മുകുന്ദന്‍ അനുകൂലികള്‍ ഉന്നയിച്ചു. യുവമോര്‍ച്ചാ പ്രസിഡന്റ് കെ.സുരേന്ദ്രനെ തല്‍സ്ഥാനത്തു നിന്ന് നീക്കാനുള്ള ശ്രമങ്ങളും ചോദ്യം ചെയ്യപ്പെട്ടു.
ഔദ്യോഗിക നേതൃത്വത്തിനെതിരെ ആദ്യ വിമര്‍ശനമുയര്‍ത്തിയത് മടികൈ കമാരനാണ്. സുരേന്ദ്രനെ നീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സംസാരിച്ച കമാരന് പിന്തുണയുമായെത്തിയവര്‍ പാര്‍ട്ടി പ്രശ്നങ്ങളില്‍ തീരുമാനമായ ശേഷം മതി മറ്റ് ചര്‍ച്ചകളെന്ന് വാദിച്ചു.
നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടിയാണെടുക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ശ്രീധരന്‍ പിള്ളയും രാജഗോപാലും രാമന്‍ പിള്ളയും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്ന ആരോപണവുമുണ്ടായി.
വാക്കേറ്റം നടക്കുമ്പോള്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി എല്‍. ഗണേശ് വേദിയിലുണ്ടായിരുന്നു.












Click it and Unblock the Notifications