പുതിയ ഘടകകക്ഷി: തീരുമാനം പിന്നീട്
തിരുവനന്തപുരം: പുതിയ പാര്‍ട്ടികളെ എല്‍ഡിഎഫിലെടുക്കുന്നത് മുന്നണിയിലെ എല്ലാ ഘടകകക്ഷികളുടെയും കൂട്ടമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി പറഞ്ഞു.
എന്നാല്‍ യുഡിഎഫ് വിട്ട കക്ഷികളെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് മുന്നണിയില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണിയിലെ ഏതെങ്കിലും പാര്‍ട്ടിയില്‍ മറ്റൊരു പാര്‍ട്ടി ലയിക്കുന്നതു സംബന്ധിച്ചും എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തതിന് ശേഷമേ തീരുമാനിക്കാനാവൂവെന്ന് കേരള കോണ്‍ഗ്രസ് (ബി) ജനതാദളില്‍ ലയിക്കാനുള്ള നീക്കത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പാലൊളി പറഞ്ഞു. ലയനനീക്കത്തെ കുറിച്ച് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള അറിവേ തനിക്കുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും പാര്‍ട്ടി എല്‍ഡിഎഫില്‍ ചേരണമെന്ന ആവശ്യവുമായി ഇതുവരെ സമീപിച്ചിട്ടില്ല. ഇപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് സംസ്ഥാനത്തുള്ളത്. യുഡിഎഫ് ഒരു തകര്‍ച്ചയുടെ വക്കിലാണ്. സര്‍ക്കാരിനോടുള്ള പ്രതിഷേധം ജനങ്ങള്‍ അവസരം വരുമ്പോള്‍ പ്രകടിപ്പിക്കും.
പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ പോകണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചതായി പാലൊളി അറിയിച്ചു. ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.












Click it and Unblock the Notifications