മദ്നിയെ വിട്ടാല്‍ പ്രശ്നമില്ലെന്ന് പുതിയ റിപ്പോര്‍ട്ട്
തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മദനിയെ വിട്ടയച്ചാല്‍ സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നം ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് പോലീസിന് കേരളാ പോലീസ് നല്‍കിയിരുന്ന റിപ്പോര്‍ട്ട് പിന്‍വലിച്ചു. മദനി കേരളത്തില്‍ വന്നാല്‍ എന്തെങ്കിലും പ്രശ്നമുണ്ടാകാനുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്ന പുതിയ റിപ്പോര്‍ട്ട് തമിഴ്നാട് പൊലീസിന് നല്‍കിയിട്ടുണ്ട്.
മദനിയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. മദ്നി കേരളത്തില്‍ വന്നാല്‍ ക്രമസമാധാനപ്രശ്നമുണ്ടാകുനമെന്ന കേരള സര്‍ക്കാരിന്റെ റിപ്പോര്‍ട്ടാണ് നേരത്തെ മദ്നിക്ക് ജാമ്യം അനുവദിക്കപ്പെടാതിരിക്കാന്‍ കാരണമായതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
തൃശ്ശൂര്‍ റേഞ്ച് ഡിഐജി കോയമ്പത്തൂര്‍ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ ആദ്യ റിപ്പോര്‍ട്ടിലാണ് ക്രമസമാധാന പ്രശ്നത്തെക്കുറിച്ചുള്ള ആശങ്ക ഉണ്ടായിരുന്നത്. പുതിയ റിപ്പോര്‍ട്ട് തൃശൂര്‍ ഡിഐജി കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കഴിഞ്ഞ ദിവസം നല്‍കി.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മദ്നി പ്രശ്നത്തിലെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്നം വീണ്ടും പരിശോധിച്ചശേഷം പുതുക്കിയ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications