എംഫാര്‍ ഗ്രൂപ്പ് കോവളം ഹോട്ടല്‍ വില്‍ക്കുന്നു
തിരുവനന്തപുരം: ഐടിഡിസിയില്‍ നിന്നും എംഫാര്‍ ഗ്രൂപ്പ് വാങ്ങിയ കോവളം അശോക ബീച്ച് റിസോര്‍ട്ടും സ്ഥലവും വില്‍ക്കാനൊരുങ്ങുന്നു.
ഹോട്ടല്‍ നടത്താനുള്ള തടസങ്ങള്‍ കണക്കിലെടുത്ത് സ്ഥലം വില്‍ക്കാന്‍ ആലോചിക്കുകയാണെന്നും രാജ്യത്തെ ചില ഹോട്ടലുകള്‍ ഇത് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എംഫാര്‍ ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. സ്ഥലം വില്‍ക്കുന്നതിന് നിയമതടസങ്ങളൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.
2002 ജൂലൈയിലാണ് എംഫാര്‍ ഗ്രൂപ്പ് ഐടിഡിസിയില്‍ നിന്ന് ഹോട്ടലും സ്ഥലവും വാങ്ങിയത്. അതിന് ശേഷം കോവളം ഹോട്ടല്‍ ബീച്ച് റിസോര്‍ട്ടായി നടത്തിവരികയാണ്.
മുംബൈയിലും ഗോവയിലും ഹോട്ടലുകളുള്ള ഒരു പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പ് കോവളം ഹോട്ടല്‍ വാങ്ങാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഗ്രൂപ്പിന്റെ സംഘം ഈയിടെ റിസോര്‍ട്ട് സന്ദര്‍ശിച്ചു.
ഹോട്ടലില്‍ നിയമപരമായ അവകാശമുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഹോട്ടല്‍ നടത്തിപ്പില്‍ തടസങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഹോട്ടല്‍ വില്‍ക്കുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications